തിരുവനന്തപുരം
സംസ്ഥാനത്തിന് ആവശ്യമായ വാക്സിനുകൾ ഇവിടെത്തന്നെ നിർമിക്കണമെന്നും ഏകാരോഗ്യ സമീപനം ഉറപ്പാക്കണമെന്നും നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ നടപടി റിപ്പോർട്ട്.
കന്നുകാലികളിലെ കുളമ്പ്, പേപ്പട്ടി വിഷബാധ, പാസ്റ്ററെല്ല എന്നിവയ്ക്കുള്ള വാക്സിനുകൾ, മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവ ആഭ്യന്തരമായി ഉൽപ്പാദിക്കാൻ സാധിക്കും. ഇതിനായി പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിനെ അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനമാക്കി മാറ്റാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
നീതി മെഡിക്കൽ സ്റ്റോറുകൾ 24 മണിക്കൂർ പ്രവർത്തിക്കണം, കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് കാർഷിക കലണ്ടറിൽ മാറ്റം വരുത്തുക തുടങ്ങി വിവിധ ശുപാർശകൾ റിപ്പോർട്ടിലുണ്ട്. കെ കെ ശൈലജ എംഎൽഎ അധ്യക്ഷയും പത്ത് എംഎൽഎമാർ അംഗങ്ങളുമായതാണ് നിയമസഭ എസ്റ്റിമേറ്റ്സ് കമ്മിറ്റി.