ന്യൂഡൽഹി
ചരക്കുസേവന നികുതി വർധന, വിലക്കയറ്റം, അഗ്നിപഥ് വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധത്തെതുടർന്ന് വർഷകാല സമ്മേളനത്തിന്റെ രണ്ടാം നാളിലും പാർലമെന്റിന്റെ ഇരുസഭയും സ്തംഭിച്ചു.
രാജ്യസഭയിൽ കോൺഗ്രസ്, ഇടതുപക്ഷ, എഎപി അംഗങ്ങൾ വിലക്കയറ്റം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ നോട്ടീസ് നൽകിയവരിൽപെടുന്നു. അഗ്നിപഥ് പദ്ധതി സർക്കാർ പിൻവലിക്കണമെന്നും ഈ വിഷയം സഭാ നടപടി നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എ എ റഹിമും നോട്ടീസ് നൽകി. ചെയർ ആവശ്യം നിരാകരിച്ചതോടെ സഭ പ്രതിഷേധത്തിൽ മുങ്ങി.
വൻ വിനാശം സൃഷ്ടിക്കുന്ന ആയുധങ്ങളുടെ നിർമാണത്തിന് വ്യക്തികൾ ധനസഹായം നൽകുന്നത് നിരോധിക്കുന്ന ബിൽ ബഹളത്തിനിടെ മന്ത്രി എസ് ജയ്ശങ്കർ അവതരിപ്പിച്ചു. തുടർന്ന് പകൽ രണ്ടുവരെയും പിന്നീട് ബുധനാഴ്ച ചേരാനായും സഭ പിരിഞ്ഞു. ലോക്സഭയിലും സമാന സ്ഥിതിയായിരുന്നു. വിലക്കയറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഗൾഫ് റൂട്ടിലെ വിമാനക്കൊള്ള : പ്രതിഷേധം ശക്തമാക്കി
ഇടതുപക്ഷ എംപിമാർ
വിമാനയാത്രാനിരക്ക് വൻതോതിൽ ഉയർത്തി കമ്പനികൾ ഗൾഫ് മലയാളികളെ കൊള്ളയടിക്കുന്നതിൽ പ്രതിഷേധം ശക്തമാക്കി ഇടതുപക്ഷ എംപിമാർ. സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം, എ എ റഹിം, ജോൺ ബ്രിട്ടാസ്, പി സന്തോഷ്കുമാർ എന്നിവർ ഇക്കാര്യം വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
അവധി സമയങ്ങളിലും ഉത്സവകാലങ്ങളിലും കേരളത്തിലേക്ക് വരുന്ന പ്രവാസികൾ സാധാരണയിലും മൂന്നും നാലും ഇരട്ടി തുക നൽകിയാണ് ടിക്കറ്റ് എടുക്കേണ്ടിവരുന്നതെന്ന് എളമരം കരീം പറഞ്ഞു. ഈ വിഷയത്തിൽ എംപിമാരും കേരള സർക്കാരും കത്തയച്ചിട്ടുള്ള അറിവ് മാത്രമേ ഉള്ളൂ എന്നും പരിഹാരത്തിന് ഒന്നും ചെയ്യാനില്ല എന്നുമാണ് എളമരം കരീമിന് സഹമന്ത്രി വി കെ സിങ് മറുപടി നൽകിയത്. വിമാന യാത്രാക്കൂലി ഉയരുന്നതിന് വിമാനക്കമ്പനികൾ പറയുന്ന അതേ കാരണങ്ങൾ പറഞ്ഞ് കമ്പനികളെ ന്യായീകരിക്കുകയാണ് കേന്ദ്രം. ഭാവിയിലും സർക്കാർ ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് മറുപടിയിൽ പറയുന്നു.
യാത്രാനിരക്ക് കുറയ്ക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ എ റഹിം വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകി. സർക്കാർ ഇടപെടാതെ മാറിനിൽക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് വി ശിവദാസൻ പറഞ്ഞു.