തെഹ്റാൻ
ഇറാനെ ഒറ്റപ്പെടുത്താൻ അമേരിക്ക നീക്കം ശക്തമാക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇറാനിൽ. ചൊവ്വാഴ്ച ഇറാനിലെത്തിയ പുടിൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായി കൂടിക്കാഴ്ച നടത്തി. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി, തുർക്കി പ്രസിഡന്റ് റജെബ് തയ്യിപ് എർദോഗൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
സിറിയ ഉൾപ്പെടെ മേഖലയിലെ വിവിധ വിഷയങ്ങളും ഉക്രയ്നിൽനിന്ന് ഭക്ഷ്യധാന്യ കയറ്റുമതി പുനരാരംഭിക്കാനുള്ള യുഎൻ ശുപാർശയും ചർച്ചയാകും. ഉക്രയ്ൻ യുദ്ധാരംഭത്തിനുശേഷമുള്ള പുടിന്റെ രണ്ടാം വിദേശ സന്ദർശനമാണിത്. അഞ്ചാംതവണയാണ് പുടിന് ഇറാനിലെത്തുന്നത്.
ആണവ ഉടമ്പടി പുനരുജ്ജീവിപ്പിക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾ പാളിയതോടെ ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കം അമേരിക്ക ശക്തമാക്കിയിരിക്കുകയാണ്. ഈ ലക്ഷ്യത്തോടെ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലും ഗൾഫും സന്ദർശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പുടിന്റെ ഇറാൻ സന്ദർശനം. കഴിഞ്ഞ ആഴ്ചകളിലായി നിരവധി ഉന്നത റഷ്യൻ ഉദ്യോഗസ്ഥർ ഇറാൻ സന്ദർശിച്ചിരുന്നു. ചൊവ്വാഴ്ച റഷ്യൻ കമ്പനിയായ ഗ്യാസ്പ്രോം ഇറാൻ എണ്ണക്കമ്പനിയുമായി നാലുകോടി ഡോളറിന്റെ പുതിയ കരാറിലും ഒപ്പിട്ടു.
എർദോഗനുമായുള്ള പുടിന്റെ ചർച്ചയും നിർണായകമാകും. യുദ്ധത്തിൽ ഉക്രയ്ന് ആയുധസഹായം നൽകുന്നെങ്കിലും തുർക്കി റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടില്ല.