ന്യൂഡൽഹി
മിനിമം താങ്ങുവില (എംഎസ്പി) ഉൾപ്പെടെ പരിശോധിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച സമിതിയെ അംഗീകരിക്കില്ലെന്ന് സംയുക്ത കിസാൻമോർച്ച. സർക്കാർ പ്രതിനിധികളും അനുയായികളും മാത്രമുള്ള കർഷകവിരുദ്ധസമിതിയുമായി സഹകരിക്കില്ല. സമിതിയുടെ ചെയർമാൻ കൃഷിമന്ത്രാലയം മുൻ സെക്രട്ടറി സഞ്ജയ് അഗർവാളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കർഷകവിരുദ്ധമായ മൂന്ന് കരിനിയമം രൂപീകരിച്ചത്. സമിതിയിലെ മറ്റൊരംഗമായ നിതിആയോഗ് അംഗം രമേശ്ചന്ദ് കർഷകനിയമങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ്.
സംയുക്തകിസാൻ മോർച്ചയുടെ മൂന്ന് പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, മറ്റ് കർഷകസംഘടനകളുടെ പ്രതിനിധികളെന്ന പേരിൽ ഉൾപ്പെടുത്തിയ അഞ്ച് അംഗങ്ങൾ ബിജെപി, ആർഎസ്എസ് അനുഭാവികളാണ്. ഇന്ത്യൻ ഫാർമേഴ്സ് സൊസൈറ്റി നേതാവായ കൃഷ്ണവീർചൗധ്രി ബിജെപി നേതാവാണ്. സെയ്ദ് പാഷാപട്ടേൽ മഹാരാഷ്ട്രയിൽ മുൻ ബിജെപി എംഎൽസിയും പ്രമോദ് കുമാർ ചൗധ്രി ആർഎസ്എസ് അനുബന്ധ ഭാരതീയ കിസാൻ സംഘ് അംഗവുമാണ്. മറ്റൊരു അംഗമായ ഗുൺവന്ത് പാട്ടീൽ കർഷകപ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞ ആളാണ്.
ഈ സാഹചര്യത്തിൽ, കിസാൻമോർച്ച പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തിയതുകൊണ്ട് കാര്യമില്ല. പ്രക്ഷോഭങ്ങൾ ശക്തമാക്കുമെന്നും സംയുക്ത കിസാൻ മോർച്ച ഭാരവാഹികൾ അറിയിച്ചു.