ന്യൂഡൽഹി
ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് പ്രതിപക്ഷ പാർടികളുടെ പൊതുസ്ഥാനാർഥിയായി മാർഗരറ്റ് ആൽവ നാമനിർദേശപത്രിക നൽകി. ചൊവ്വാഴ്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി അധ്യക്ഷൻ ശരത് യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാസമർപ്പണം.
സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം, സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വം, തിരുച്ചി ശിവ (ഡിഎംകെ), രാംഗോപാൽ യാദവ് (എസ്പി) തുടങ്ങിയ നേതാക്കളും സന്നിഹിതരായി.
തന്റെ സ്ഥാനാർഥിത്വത്തെ പിന്തുണച്ച് പ്രതിപക്ഷമാകെ രംഗത്തുവന്നത് ഇന്ത്യ എന്ന യാഥാർഥ്യത്തിന്റെ പ്രതിഫലനമാണെന്ന് ആൽവ പറഞ്ഞു.എൻഡിഎയുടെ സ്ഥാനാർഥി ജഗ്ദീപ് ധൻഖർ തിങ്കളാഴ്ച പത്രിക നൽകി. ആഗസ്ത് ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്ത് 10നാണ് അവസാനിക്കും. ലോക്സഭാ–- രാജ്യസഭാ എംപിമാരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആകെ 780 വോട്ടർമാർ. ഇതിൽ 449 പേർ എൻഡിഎ എംപിമാരാണ്.