2021ന് ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചതാണ് ഗുവാഹത്തി സ്വദേശിയായ തനുശ്രീ നാഥ്.
കഴിഞ്ഞ 18 മാസങ്ങളായി തനുശ്രീയുടെ ഓരോ ദിവസവും തുടങ്ങുന്നത് ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പിന്റെ വെബ്സൈറ്റ് പരിശോധിച്ചുകൊണ്ടാണ്. അപേക്ഷയിൽ പുരോഗതിയുണ്ടോ എന്നറിയാൻ.
എന്നാൽ, “further assessment” അഥവാ കൂടുതൽ പരിശോധനകൾ എന്നു മാത്രമാണ് ഇപ്പോഴും വെബ്സൈറ്റിൽ കാണുന്ന വിശദീകരണം.
2021 മാർച്ചിനു ശേഷം ഒരു മാറ്റം പോലും ഇതിൽ ഉണ്ടായിട്ടില്ല എന്ന് തനുശ്രീ പറഞ്ഞു.
പല തവണ ആഭ്യന്തര വകുപ്പിന് ഇമെയിൽ അയച്ചെങ്കിലും വ്യക്തമായ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും തനുശ്രീ ചൂണ്ടിക്കാട്ടി.
ഒന്നര ലക്ഷം വിസ അപേക്ഷകൾ
തനുശ്രീയെ പോലുള്ള നൂറുകണക്കിന് രാജ്യാന്തര വിദ്യാർത്ഥികളാണ് ഓസ്ട്രേലിയൻ പഠന സ്വപ്നങ്ങൾ അനിശ്ചിതത്വത്തിലായി കഴിയുന്നത്.
ജൂൺ 30ന് ഉള്ള കണക്കുപ്രകാരം ഓസ്ട്രേലിയയ്ക്ക്പുറത്തു നിന്നുള്ള 74,700 സ്റ്റുഡന്റ് വിസ അപേക്ഷകളും, ഓസ്ട്രേലിയയ്ക്കകത്തു നിന്നുള്ള 69,700 സ്റ്റുഡന്റ് വിസ അപേക്ഷകളുമാണ് ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ളത്.
വിദേശത്തു നിന്നുള്ളതിൽ 650ലേറെ അപേക്ഷകൾ ലഭിച്ചിട്ട് 18 മാസത്തിൽ ഏറെയായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അപേക്ഷകളിൽ 31 ശതമാനവും രണ്ടു മാസത്തിലേറെ കാലമായതാണ്.
സ്റ്റുഡന്റ് വിസ അപേക്ഷകളിൽ തീരുമാനമെടുക്കാൻ രണ്ടു മാസം വരെ വൈകുന്നത് അംഗീകരിക്കാമെന്നും, അതിനു മുകളിലേക്ക് നീളുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഗ്രീൻസ് കുടിയേറ്റകാര്യ വക്താവ് നിക്ക് മക്കിം പറഞ്ഞു.
മറുപടി ലഭിക്കാൻ 18 മാസത്തിലേറെ കാത്തിരിക്കേണ്ടി വരുന്നു എന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും മക്കിം അഭിപ്രായപ്പെട്ടു.
വിസ ലഭിക്കാൻ വൈകുന്നതിനാൽ പല രാജ്യാന്തര വിദ്യാർത്ഥികളും മറ്റു രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
കൊവിഡ് കാലത്ത് കടുത്ത അതിർത്തി നിയന്ത്രണങ്ങൾ കാരണം വിദ്യാർത്ഥികൾ ഓസ്ട്രേലിയയിലേക്ക് വരുന്നത് കുറഞ്ഞിരുന്നു.
ഇതു മറികടക്കാൻ നിരവധി പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അതിനു ശേഷവും വിസ അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസം വിദ്യാർത്ഥികളെ ബാധിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഓരോ അപേക്ഷയും വ്യത്യസ്തമാണെന്നും, അപേക്ഷിക്കുന്നവരുടെ ആരോഗ്യപരിശോധനയും, ക്രിമിനൽ പരിശോധനയും, സ്വഭാവ പരിശോധനയും എല്ലാം പൂർത്തിയാക്കാനുള്ള കാലതാമസമാണ് ഇതെന്നുമാണ് ആഭ്യന്തര വകുപ്പ് നൽകുന്ന വിശദീകരണം.
കടപ്പാട്: SBS മലയാളം
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3