ന്യൂഡൽഹി
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യനാളിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരുസഭയും സ്തംഭിച്ചു. വിലക്കയറ്റം, ജിഎസ്ടി, ബഫർ സോൺ വിഷയങ്ങളിൽ അടിയന്തരചർച്ച ആവശ്യപ്പെട്ട് നൽകിയ നോട്ടീസുകൾ ചെയർ തള്ളിയതാണ് പ്രതിഷേധത്തിനു കാരണം.
അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾക്കും ഇതര നിത്യോപയോഗ വസ്തുക്കൾക്കും അഞ്ചു ശതമാനം ജിഎസ്ടി ചുമത്തിയതും ജനങ്ങളെ ശ്വാസംമുട്ടിക്കുന്ന വിലക്കയറ്റവും സഭാനടപടി നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം നോട്ടീസ് നൽകി. മലയോര ജനതയെ ആശങ്കയിലാക്കിയ ബഫർ സോൺ വിഷയത്തിൽ ഡോ. വി ശിവദാസനും നോട്ടീസ് നൽകി.
രാജ്യസഭാ അധ്യക്ഷൻ എം വെങ്കയ്യ നായിഡു അനുശോചന സന്ദേശങ്ങൾ വായിച്ചുതീർന്നതോടെ പ്രതിപക്ഷ അംഗങ്ങൾ അടിയന്തര വിഷയങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ചെയർ ഇക്കാര്യം നിരാകരിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതോടെ ചൊവ്വാഴ്ച ചേരാനായി സഭ പിരിയുകയാണെന്ന് ചെയർ അറിയിച്ചു.
സഭയിൽ പ്രതിഷേധങ്ങള്‍ക്കും പ്രതിപക്ഷം സഭയില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി അവഗണിച്ചാണ് പ്രതിഷേധം അലയടിച്ചത്. ലോക്സഭ രാവിലെ പ്രതിഷേധത്തിൽ പിരിഞ്ഞശേഷം പകൽ രണ്ടിന് വീണ്ടും ചേർന്നെങ്കിലും നടപടി തുടരാനായില്ല. വിലക്കയറ്റം രൂക്ഷമാക്കുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് അടക്കമുള്ളവർ നോട്ടീസ് നൽകി.
ശത്രുഘ്നൻ സിൻഹ ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച മൂന്നുപേർ ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ദേശീയതാൽപ്പര്യമുള്ള സമ്മേളനമാണ് ചേരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞു.