ന്യൂഡൽഹി
മിനിമം താങ്ങുവില, സ്വാഭാവിക കൃഷി, വിളകളുടെ വൈവിധ്യവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാന്‍ മുൻ കൃഷി സെക്രട്ടറി സഞ്ജയ് അഗർവാൾ അധ്യക്ഷനായി കേന്ദ്ര സർക്കാർ സമിതി രൂപീകരിച്ചു. കാർഷികനിയമങ്ങൾക്കെതിരായ ഐതിഹാസികസമരം നയിച്ച സംയുക്ത കിസാൻ മോർച്ച നിർദേശിക്കുന്ന മൂന്നുപേരെ സമിതിയിൽ ഉൾപ്പെടുത്തും.
സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരമുള്ള മിനിമം താങ്ങുവില കേന്ദ്രം ഉറപ്പാക്കണമെന്നത് കർഷകസമരത്തിൽ ഉയർത്തിയ പ്രധാന ആവശ്യമാണ്. ഇക്കാര്യം കേന്ദ്രം പരിഗണിക്കുമെന്ന് വിജ്ഞാപനത്തിൽനിന്ന് വ്യക്തമല്ലെന്ന് അഖിലേന്ത്യ കിസാൻസഭാ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള ദേശാഭിമാനിയോട് പ്രതികരിച്ചു. സംയുക്ത കിസാൻ മോർച്ച ചർച്ചചെയ്ത് സർക്കാർ പ്രഖ്യാപനത്തോടുള്ള നിലപാട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിർദിഷ്ട സമിതിയിൽ നിതി ആയോഗ് അംഗം രമേഷ് ചന്ദ്, കാർഷിക ശാസ്ത്രജ്ഞരായ ഡോ. സി എസ് സി ശേഖർ, ഡോ. സുഖ്പാൽ സിങ്, ജബൽപുർ കാർഷികസർവകലാശാല വൈസ് ചാൻസലർ ഡോ. പ്രദീപ് കുമാർ ബിസേൻ, ജമ്മു-കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ജെ പി ശർമ, സംയുക്ത കിസാൻമോർച്ചയ്ക്കു പുറത്തുള്ള കാർഷകസംഘടനകളുടെ പ്രതിനിധികൾ, കേന്ദ്ര–- സംസ്ഥാന സർക്കാർ പ്രതിനിധികൾ എന്നിവരെയും ഉൾപ്പെടുത്തി. കൃഷി മന്ത്രാലയത്തിലെ വിളവിഭാഗം ജോയിന്റ് സെക്രട്ടറിയാണ് മെമ്പർ സെക്രട്ടറി.