ന്യൂഡൽഹി
ഇന്ത്യയുടെ 15–-ാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില് പാർലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി 99 ശതമാനം പോളിങ്. കേരളമടക്കം പത്ത് സംസ്ഥാനത്ത് 100 ശതമാനം പോളിങ്. സംസ്ഥാനങ്ങളിൽനിന്നുള്ള ബാലറ്റുകൾ തിങ്കൾ രാത്രിയോടെ പാർലമെന്റിൽ എത്തിച്ചു. വ്യാഴാഴ്ച വോട്ടെണ്ണൽ. 25നു പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമു ഇലക്ടറൽ കോളേജിൽ 60 ശതമാനത്തിലേറെ വോട്ടുമൂല്യം ഉറപ്പാക്കിയെങ്കിലും ശക്തമായ മത്സരമാണ് പ്രതിപക്ഷ പാർടികളുടെ പൊതുസ്ഥാനാർഥി യശ്വന്ത് സിൻഹ കാഴ്ചവച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുലായംസിങ് യാദവ്, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പാർലമെന്റിൽ വോട്ടു രേഖപ്പെടുത്തി. ആരോഗ്യപ്രശ്നം അലട്ടുന്ന മൻമോഹൻ സിങ്ങും യുപി മുൻമുഖ്യമന്ത്രി മുലായം സിങ് യാദവും വീൽചെയറിലാണ് എത്തിയത്. വോട്ട് രേഖപ്പെടുത്താനാകാതെ വന്നതോടെ മുലായത്തിന് രണ്ടാമതും ബാലറ്റ് നൽകി.
ബിജെപി എംപി നിതീഷ് പ്രമാണിക്കും രണ്ടാമത് ബാലറ്റ് വാങ്ങി. കോവിഡ് ബാധിതരായ കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും ആർ കെ സിങ്ങും പിപിഇ കിറ്റ് ധരിച്ചെത്തി ഏറ്റവും അവസാനം വോട്ടുചെയ്തു. 727 എംപിമാരും ഒമ്പത് എംഎൽഎമാരുമടക്കം 736 പേരായിരുന്നു പാർലമെന്റിലെ വോട്ടർമാർ. ഇവരിൽ 730 പേർ വോട്ടു രേഖപ്പെടുത്തി.
ഒഡിഷയിലെ കോൺഗ്രസ് എംഎൽഎ മുഹമ്മദ് മോക്വിം, ഗുജറാത്തിലെ എൻസിപി എംഎൽഎ കന്ദാൽ ജഡേജ എന്നിവർ മുർമുവിന് വോട്ടുചെയ്തതായി അറിയിച്ചു. ഹരിയാനയിലെ വിമത കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയിയും മുർമുവിന് വോട്ടുചെയ്തു. അസമിലെ കോൺഗ്രസ് എംഎൽഎമാരിൽ ചിലരും മുർമുവിന് വോട്ടുചെയ്തതായി ആക്ഷേപമുണ്ട്. അകാലിദൾ എംഎൽഎ മൻപ്രീത് സിങ് അയാലി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.