റിയാദ്> കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയയുടെ അഞ്ചാം സമ്മേളനത്തിന്റെ ഭാഗമായി പ്രവാസികളുടെ പുനഃരധിവാസം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേളിയുടെ പതിനൊന്നാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായാണ് വിവിധ ഏരിയ സമ്മേളനങ്ങൾ നടക്കുന്നത്.
മുസാഹ്മിയ ഏരിയായിലെ അൽഗുയയിൽ നടത്തിയ സെമിനാറിൽ കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം മോഡറേറ്ററായി. കേളി അൽഗുവയ്യ യൂണിറ്റ് സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗം സന്തോഷ് പ്രബന്ധം അവതരിപ്പിച്ചു. മുസാഹ്മിയ ഏരിയയിലെ നാല് യൂണിറ്റുകളിൽ നിന്നായി നൂറിലധികം പേർ സെമിനാറിൽ പങ്കെടുത്തു.
പ്രവാസി പുനഃരധിവാസത്തെ കുറിച്ചുള്ള സംശയങ്ങളും നിരവധി നിർദ്ദേശങ്ങളും സെമിനാറിൽ ഉയർന്നു വന്നു. നിർദ്ധനരായ പ്രവാസികളെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തുക, തിരിച്ചെത്തുന്ന പ്രവാസികളുടെ തൊഴിലടിസ്ഥാനപെടുത്തി ഡാറ്റ ബാങ്ക് തയ്യാറാക്കുക എന്നിവയായിരുന്നു ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങൾ. ചർച്ചകൾക്ക് ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ് മറുപടി പറഞ്ഞു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, ബദിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി, മുസാഹ്മിയ ഏരിയ സെക്രട്ടറി ഷമീർ പുലാമന്തോൾ, ഏരിയ പ്രസിഡന്റ് നടരാജൻ എന്നിവർ സംസാരിച്ചു. മുസാഹ്മിയ ഏരിയ സമ്മേളന സംഘാടക സമിതി ചെയർമാൻ നൗഷാദ് നന്ദി പറഞ്ഞു.