ന്യൂഡൽഹി
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഛത്തീസ്ഗഢ് കോൺഗ്രസിലും മന്ത്രിസഭയിലും കലാപക്കൊടിയുയർത്തി മന്ത്രി ടി എസ് സിങ് ദിയോ. തദ്ദേശമന്ത്രിസ്ഥാനം രാജിവച്ച ദിയോ മുഖ്യമന്ത്രി ഭുപേഷ് ഭാഗേലിനെതിരെ കടുത്ത വിമർശവും അഴിച്ചുവിട്ടു. എട്ടുലക്ഷം പാവങ്ങൾക്ക് വീടുനിർമിച്ചു നൽകുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിട്ട് ഒരെണ്ണവും പൂർത്തിയാക്കാനായില്ലെന്ന് രാജിക്കത്തിൽ പറഞ്ഞു.
അതേസമയം ആരോഗ്യ കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, ജിഎസ്ടി തുടങ്ങിയ വകുപ്പുകളുടെ ചുമതലയിൽ അദ്ദേഹം തുടരും. കുറ്റപത്രമെന്നോണം നാലുപേജുള്ള രാജിക്കത്താണ് മുഖ്യമന്ത്രിക്കയച്ചത്. രാജി സ്വീകരിച്ചിട്ടില്ലെന്ന് ഭാഗേൽ പ്രതികരിച്ചു.
നേരത്തേ മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്ന ദിയോയെ ഹൈക്കമാൻഡ് ഇടപെട്ട് അനുനയിപ്പിച്ച് ഭാഗേലിനെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുകയായിരുന്നു. രണ്ടരവർഷം വീതം പദവി നൽകുമെന്നായിരുന്നു മുൻധാരണ. ഇപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ദിയോ വിലപേശുകയാണെന്നാണ് കോൺഗ്രസ് കരുതുന്നത്.