ന്യൂഡൽഹി
വർഷകാല സമ്മേളനത്തിനു മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതിനെ പ്രതിപക്ഷ പാർടികൾ രൂക്ഷമായി വിമർശിച്ചു. പാർലമെന്റിന്റെ ഇരുസഭയിലും അപൂർവമായിമാത്രം എത്തുന്ന പ്രധാനമന്ത്രി യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി. സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തത് അൺപാർലമെന്ററി അല്ലേയെന്ന പരിഹാസവുമുണ്ടായി. രൂക്ഷമാകുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും സാമ്പത്തികത്തകർച്ചയുമടക്കം വിവിധ വിഷയങ്ങളിൽ ചർച്ച അനുവദിക്കണമെന്ന് പ്രതിപക്ഷ പാർടി നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു. സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
ബഫർ സോൺ വിഷയത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുവരാത്ത തീരുമാനമുണ്ടാകണമെന്ന് സിപിഐ എമ്മിനെ പ്രതിനിധാനം ചെയ്ത് വി ശിവദാസൻ യോഗത്തിൽ ആവശ്യപ്പെട്ടു. പാർലമെന്റിൽ പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താനുള്ള നീക്കം നല്ലതല്ല. പ്രതിഷേധത്തിനുപോലും വിലക്കേർപ്പെടുത്തി. ജനപ്രതിനിധികളുടെ ശബ്ദത്തിന് തടയിടരുത്. പ്രതിഷേധം അടക്കം വിലക്കിയ നടപടി പിൻവലിക്കണമെന്നും- ശിവദാസൻ പറഞ്ഞു.
ബിനോയ് വിശ്വം, ജോസ് കെ മാണി തുടങ്ങിയവരും പങ്കെടുത്തു. കേന്ദ്രത്തെ പ്രതിനിധാനം ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, പാർലമെന്ററിമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ യോഗത്തിനെത്തി. ബില്ലുകൾ പാസാക്കുന്നതിനും മറ്റും സർക്കാർ പ്രതിപക്ഷത്തിന്റെ സഹകരണം തേടി.