ന്യൂഡൽഹി
പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ആഗസ്ത് 12 വരെയാണ് സമ്മേളനം. രാഷ്ട്രപതി–- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ സമ്മേളനകാലയളവിൽ നടക്കും. തിങ്കളാഴ്ച ആദ്യ ദിവസം രാഷ്ട്രപതി തെരഞ്ഞെടുപ്പാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, പാർലമെന്റിൽ അടക്കമുള്ള കേന്ദ്രത്തിന്റെ അടിച്ചമർത്തൽ നിലപാട്, അഗ്നിപഥ് റിക്രൂട്ട്മെന്റ്, രൂപയുടെ വിലയിടിവ് അടക്കം സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധികൾ തുടങ്ങി വിവിധ വിഷയങ്ങൾ പ്രതിപക്ഷ പാർടികൾ ഉയർത്തും.
അഴിമതി, തട്ടിപ്പ് തുടങ്ങി സർക്കാരിനെ വിമർശിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന നൂറിലേറെ വാക്കുകൾ അൺപാർലമെന്ററിയായി പ്രഖ്യാപിച്ച് പ്രതിപക്ഷ പ്രതിഷേധങ്ങളെ കർക്കശമായി നേരിടാനാണ് കേന്ദ്രനീക്കം. പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങളടക്കം വിലക്കിയിട്ടുണ്ട്.
ഒന്നിലേറെ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ബില്ലടക്കം സ മ്മേളന കാലയളവിൽ 24 പുതിയ ബിൽ സർക്കാർ കൊണ്ടുവരും. എട്ട് ബിൽ നിലവിൽ പാർലമെന്റിന്റെ പരിഗണനയിലുമുണ്ട്. കാപ്പി പ്രോൽസാഹന–- വികസന ബിൽ, പ്രത്യേകസാമ്പത്തിക മേഖലാ നിയമം ഭേദഗതി ചെയ്തുള്ള സംരംഭക–- സേവന വികസന കേന്ദ്രങ്ങൾക്കായുള്ള ബിൽ, കോമ്പറ്റീഷൻ ഭേദഗതി ബിൽ തുടങ്ങിയ ബില്ലുകൾ പുതുതായി അവതരിപ്പിക്കുന്നവയിൽ ഉൾപ്പെടും.