ന്യൂഡൽഹി
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന് അറുപത് ശതമാനത്തിലേറെ വോട്ടുകളുടെ മുൻതൂക്കം ലഭിച്ചേക്കും. ഇലക്ടറൽ കോളേജിലെ ആകെ വോട്ടുമൂല്യം 10.82 ലക്ഷമാണ്. എംപിമാരുടെ വോട്ടുമൂല്യം എഴുന്നൂറ് വീതം. എംഎൽഎമാരുടെ വോട്ടുമൂല്യം ഓരോ സംസ്ഥാനത്തെയും ജനസംഖ്യാടിസ്ഥാനത്തിൽ വ്യത്യസ്തം. ദ്രൗപദി മുർമുവിന് 6.66 ലക്ഷം വോട്ടുമൂല്യം ഉറപ്പായിട്ടുണ്ട്. ഇത് ആകെ വോട്ടിന്റെ 61.56 ശതമാനമാണിത്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.12 ലക്ഷം വോട്ടുമൂല്യമാണ് ലഭിക്കുക. ആകെ വോട്ടിന്റെ 38.29 ശതമാനം.
ഏറ്റവും കൂടുതൽ വോട്ടുവിഹിതം ബിജെപിക്കാണ്–- 42.33 ശതമാനം. കോൺഗ്രസിന് 13.62 ശതമാനം. ഇടതുപക്ഷ പാർടികൾക്ക് 2.5 ശതമാനമാണ് വോട്ടുവിഹിതം.
എൻഡിഎയുടെ ആകെ വോട്ടുവിഹിതം 48.99 ശതമാനമാണ്. 4.22 ശതമാനമുള്ള വൈഎസ്ആർസിപിയും 2.93 ശതമാനമുള്ള ബിജെഡിയും പിന്തുണ അറിയിച്ചതോടെ മുർമു ഭൂരിപക്ഷം ഉറപ്പിച്ചു. പ്രതിപക്ഷ സഖ്യത്തിലായിരുന്ന ജെഎംഎം മുർമു സ്ഥാനാർഥിയായതോടെ നിലപാട് മാറ്റി. മഹാരാഷ്ട്രയിൽ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന ശിവസേനയിൽ ബിജെപി സൃഷ്ടിച്ച പിളർപ്പും മുർമുവിന് സഹായകമായി. രണ്ട് ശിവസേനാ വിഭാഗവും മുർമുവിന് പിന്തുണ അറിയിച്ചു. എഎപിയും ടിആർഎസും സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ലോക്സഭയിൽ എംപിമാരുടെ എണ്ണം കൂടിയിട്ടും കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിനേക്കാൾ എൻഡിഎ സ്ഥാനാർഥിക്ക് വോട്ടുവിഹിതം കുറയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിന് 65.65 ശതമാനം വോട്ട് ലഭിച്ചിരുന്നു. പ്രതിപക്ഷ സ്ഥാനാർഥിയായിരുന്ന മീരാകുമാറിന് 34.35 ശതമാനം വോട്ടാണ് കിട്ടിയത്. പ്രതിപക്ഷനിരയിൽ ഭിന്നിപ്പ് വന്നിട്ടും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുവിഹിതം ലഭിക്കുന്ന സ്ഥാനാർഥിയെന്ന നേട്ടം സിൻഹയ്ക്ക് ലഭിക്കും.