കൊച്ചി
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോണിൽ ട്രൂകോളർ ആക്ടീവായിരുന്നുവെന്ന ഫോറൻസിക് റിപ്പോർട്ട് നിർണായകമാകുന്നു. മെമ്മറി കാർഡ് ഫോണിൽ അനധികൃതമായി ഉപയോഗിക്കുന്നതിനിടയിൽ ഫോൺവിളി വന്നതോടെയാണ് ട്രൂകോളർ ആക്ടീവായത്. മെമ്മറി കാർഡ് തുറന്ന് ഒരുമിനിറ്റിനുശേഷമാണ് ഫോണിലേക്ക് വിളിയെത്തിയത്. ഫോണിൽ ജിയോ സിമ്മാണ് ഉപയോഗിച്ചിരുന്നത്.
മെമ്മറി കാർഡ് വിവോ ഫോണിൽ ഉപയോഗിച്ചത് 2021 ജൂലൈ 19ന് പകൽ 12.19നും 12.54നും ഇടയിലാണ്. 12.20 കഴിഞ്ഞപ്പോൾ ഫോൺകോൾ വന്നു. ഈ സമയമാണ് ട്രൂകോളർ ആക്ടീവായത്. ഫോൺകോളിന്റെ മെറ്റ ഡീറ്റെയിൽസിൽനിന്ന് (വിവരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ) വിവോ ഫോൺ ഉടമയെ കണ്ടെത്താമെന്ന് സൈബർ വിദഗ്ധൻ ഡോ. വിനോദ് ഭട്ടതിരിപ്പാട് പറയുന്നു.
മെമ്മറി കാർഡ് തുറന്ന സമയത്ത് വിചാരണക്കോടതിയുടെ അടുത്തുള്ള ജിയോ ടവറിനുകീഴിൽ നടന്ന ഫോൺവിളികളിൽ സംശയമുള്ള നമ്പറുകളിൽനിന്നുള്ള വിളികൾ പ്രത്യേകം പരിശോധിക്കേണ്ടിവരും. ഇതിൽനിന്ന് വിവോ ഫോണിന്റെ നമ്പർ, ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) കോഡ് എന്നിവ ലഭിക്കും. വിളിച്ച സമയം, തീയതി, രണ്ട് ഫോണിന്റെയും ടവർ ലൊക്കേഷൻ, സിം കാർഡ് വിവരങ്ങൾ എന്നിവയും ലഭിക്കും.
ഹർജിയിൽ ഇന്ന് വിധി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ കാലാവധി നീട്ടണമെന്ന ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് കേസ് പരിഗണിക്കുന്നത്. മെമ്മറി കാർഡിന്റെ ഹാഷ്വാല്യു മാറിയതും ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാത്തതും മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലും ഉന്നയിച്ചാണ് പ്രോസിക്യൂഷൻ സമയം നീട്ടിച്ചോദിച്ചത്.മെമ്മറി കാർഡിന്റെ ഫോറൻസിക് ഇമേജ് പകർപ്പുകൾ ഹാജരാക്കാൻ ഹൈക്കോടതി വെള്ളിയാഴ്ച നിർദേശിച്ചിരുന്നു. തിരുവനന്തപുരം ഫോറൻസിക് ലാബിൽനിന്ന് ശേഖരിച്ച പകർപ്പുകൾ തിങ്കളാഴ്ച അന്വേഷകസംഘം സമർപ്പിക്കും. ഇതും തുടരന്വേഷണ കാലാവധി നീട്ടുന്നതിൽ നിർണായകമാകും.