ന്യൂഡൽഹി
കുതിച്ചുകയറുന്ന വിലക്കയറ്റവും രൂക്ഷമായ തൊഴിലില്ലായ്മയും വർധിച്ചുവരുന്ന സാമ്പത്തിക അസമത്വവുമെല്ലാമായി മോദി ഭരണത്തിൽ ജനജീവിതം കൂടുതൽ ദുസ്സഹമാകുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ലോകബാങ്ക് കണക്കുപ്രകാരം 2020–-22ലെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വാർഷികവളർച്ച 0.8 ശതമാനം മാത്രം.
സിഎംഐഇ റിപ്പോർട്ടുപ്രകാരം 2022 ജനുവരി–-ഏപ്രിൽ കാലയളവിൽ 20–-24 പ്രായപരിധിയിൽ തൊഴിലില്ലാത്തവരുടെ എണ്ണം രണ്ടു കോടിയിലേറെ. 42 ശതമാനമാണ് ഈ പ്രായപരിധിയിലെ തൊഴിലില്ലായ്മ നിരക്ക്. 25–-29 പ്രായപരിധിയിലാകട്ടെ 60 ലക്ഷത്തിലേറെയാണ് തൊഴിലില്ലാത്തവർ. ഇത് 12.72 ശതമാനം വരും.
15നു മുകളിൽ പ്രായക്കാരിൽ മൂന്നു കോടിയിലേറെ പേരാണ് തൊഴിലില്ലാത്തവർ. ഇതിൽ 80 ശതമാനത്തിനടുത്ത് 20–-29 പ്രായപരിധിക്കാരാണ്. ഇന്ത്യയിൽ തൊഴിലെടുക്കുന്ന പ്രായക്കാർ ആകെ ജനസംഖ്യയുടെ 36 ശതമാനമാണ്. തൊഴിലില്ലാത്തതിനാൽ ഇവരിൽ 61.2 ശതമാനം പേരും തൊഴിലന്വേഷണം അവസാനിപ്പിച്ചു. തൊഴിൽ പങ്കാളിത്ത നിരക്കാകട്ടെ എക്കാലത്തെയും താഴ്ന്ന നിരക്കായ 38.8 ശതമാനത്തിലെത്തി. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റം മേയിൽ 15.8 ശതമാനത്തിലെത്തി. 1998നുശേഷമുള്ള ഏറ്റവും ഉയർന്ന വിലക്കയറ്റ നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 14.4 ശതമാനവും പ്രാഥമിക ഉൽപ്പന്നങ്ങളുടേത് 19.71 ശതമാനവും ഇന്ധനത്തിന്റെയും ഊർജത്തിന്റെയും വിലക്കയറ്റം 40.63 ശതമാനവുമാണ്. നിർമിത ഉൽപ്പന്നങ്ങളുടെ വിലയിൽ 10.11 ശതമാനം വർധനയുണ്ടായി.
വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നതോടൊപ്പം ആളുകളുടെ വാങ്ങൽശേഷി കുറയ്ക്കുകയും സമ്പദ്വ്യവസ്ഥയിലെ ആവശ്യകതാതോത് കുറയ്ക്കുകയും ചെയ്യും. ആഭ്യന്തര ആവശ്യകത ഇടിയുന്നത് നിർമാണമേഖലയെ ദുർബലപ്പെടുത്തി തൊഴിൽനഷ്ടത്തിന് വഴിവയ്ക്കും.
വർഗീയ–- കോർപറേറ്റ് കൂട്ടുകെട്ടും ചങ്ങാത്ത മുതലാളിത്തവും ദേശീയ സ്വത്തുക്കളുടെ കൊള്ളയടിയുമെല്ലാം രാജ്യത്ത് സാമ്പത്തികഅസമത്വം കൂടുതൽ തീവ്രമാക്കുകയാണ്. ബോംബെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ 2021–-22 വർഷത്തിലെ മൊത്തത്തിലുള്ള ലാഭം 9.3 ലക്ഷം കോടി രൂപയാണ്.
ഇത് മുൻവർഷത്തേക്കാൾ 70 ശതമാനം കൂടുതലും കോവിഡ് കാലയളവിനു മുമ്പുള്ള ഒരു ദശകകാലയളവിലെ ശരാശരി ലാഭത്തേക്കാൾ മൂന്നിരട്ടി അധികവുമാണ്. അതിസമ്പന്നർക്കുമേൽ അടിയന്തരമായി നികുതി ചുമത്താൻ കേന്ദ്രം തയ്യാറാകണം. ഈ വരുമാനത്തിലൂടെ പൊതുനിക്ഷേപം കൂട്ടണം–- പിബി ആവശ്യപ്പെട്ടു.