ന്യൂഡൽഹി> ദേശീയ സ്മാരകവും മ്യൂസിയവുമായ ഗാന്ധിസ്മൃതി–-ദർശൻ സമിതിയുടെ ജൂൺ ലക്കം മാസികയുടെ കവർ ചിത്രം വി ഡി സവർക്കറുടേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയുടെ അന്തിം ജന്‍ എന്ന ഹിന്ദി മാസികയിലാണ് മുഖചിത്രത്തോടെ പ്രത്യേക സവർക്കർ പതിപ്പ് പുറത്തിറക്കിയത്. സവർക്കറുടെ ജന്മവാർഷികമായ മെയ് 28ന് അദ്ദേഹത്തോടുള്ള ‘ആദരസൂചക’മായാണ് പ്രത്യേക പതിപ്പിറക്കിയത്.
സര്‍ക്കര്‍ എഴുതിയ‘ഹിന്ദുത്വ’ എന്ന പുസ്തകത്തിലെ ലേഖനം അതേ തലക്കെട്ടില്‍ മാസിക പുനഃപ്രസിദ്ധീകരിച്ചു. എ ബി വാജ്പേയി സവർക്കറെക്കുറിച്ച് എഴുതിയ ലേഖനവും ഉൾപ്പെടുത്തി. സവര്‍ക്കര്‍ പതിപ്പിനെതിരെ പ്രതിപക്ഷവും ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയും രംഗത്തെത്തി. ഗാന്ധിയൻ തത്വശാസ്ത്രങ്ങളിൽ വെള്ളംചേർത്ത ഭരണകൂടം ഇഷ്ടമുള്ളപോലെ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ഗാന്ധിയെയും സവർക്കറെയും തുല്യരാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്നും തുഷാർ ഗാന്ധി പറഞ്ഞു.
മാസികയെ ന്യായീകരിച്ച സമിതി വൈസ് ചെയർപേഴ്സൺ വിജയ് ഗോയൽ, സവർക്കർ ഗാന്ധിയെപ്പോലെ മഹാനാണെന്ന വിചിത്രവാദം ഉന്നയിച്ചു. രാഷ്ട്രപിതാവിന്റെ ജീവിതവും ആശയവും പ്രചരിപ്പിക്കാൻ സാംസ്കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ 1984 മുതൽ പ്രവർത്തിച്ചുവരുന്ന സ്വയംഭരണ സംവിധാനമാണ് ഗാന്ധി സ്മൃതി ദർശൻ സമിതി. കേവല സംശയത്തിന്റെ ആനുകൂല്യത്തിൽ മാത്രമാണ് സവർക്കർ ശിക്ഷിക്കപ്പെടാതെ പോയതെന്നും വിട്ടയച്ചു എന്നതിന് പൂർണമായും കുറ്റവിമുക്തനാക്കി എന്നർഥമില്ലെന്നും ഗാന്ധിവധ ഗൂഢാലോചനയെക്കുറിച്ച് പുസ്തകമെഴുതിയ പത്രപ്രവർത്തകൻ ധീരേന്ദ്ര കെ ഝാ വ്യക്തമാക്കി.
അപലപനീയം: എളമരം
ഗാന്ധിസ്മൃതി–-ദർശൻ സമിതി നടപടി അപലപനീയവും ഗാന്ധിനിന്ദയുമാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം പറഞ്ഞു.
ഗാന്ധിജിയെ കൊലപ്പെടുത്താൻ സവർക്കറും കൂട്ടാളികളും പദ്ധതിയിട്ടെന്ന് 1966ൽ ഗാന്ധി വധത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കപൂർ കമ്മീഷൻ കണ്ടെത്തി. ഇരയ്ക്ക് പകരം വേട്ടക്കാരനെ മഹത്വവത്കരിക്കുകയാണ് മാസികയെന്നും അദ്ദേഹം പറഞ്ഞു.