തിരുവനന്തപുരം> അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച് ചികിത്സ തേടുന്ന കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്ത് കേരളം. എസ്എംഎയ്ക്ക് ഇന്ത്യയിൽ ലഭ്യമായ ഏക മരുന്ന് റിസ്ഡിപ്ലാമാണ് 14 കുട്ടികൾക്ക് വിതരണം ചെയ്തത്. ഒരു വയലിന് ആറുലക്ഷം രൂപയാണ് വില. 14 യൂണിറ്റ് മരുന്നാണ് വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
21 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ മരുന്ന് നൽകാൻ തീരുമാനിച്ചത്. രണ്ടുകുട്ടികൾക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മരുന്ന് നൽകി. 12 കുട്ടികൾക്ക് അവരുടെ സൗകര്യം അനുസരിച്ച് കോഴിക്കോട് മരുന്ന് നൽകാൻ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ–-ശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളിയും ശനിയും പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തിയായിരുന്നു വിതരണം. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഇന്ത്യയിൽ ആദ്യമായിട്ടാണ് എസ്എംഎയ്ക്ക് സർക്കാർതലത്തിൽ മരുന്ന് നൽകുന്നത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ സർക്കാർ എസ്എംഎ ക്ലിനിക് ആരംഭിച്ചിരുന്നു. പിന്നാലെയാണ് വിലയേറിയ മരുന്നുകളുടെയും വിതരണം.