ന്യൂഡൽഹി> ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിക്ക് എതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന പേരില്‍ സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദ് അടക്കമുള്ളവരെ വേട്ടയാടുന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രത്യേക അന്വേഷക സംഘം(എസ്ഐടി). വ്യാജ തെളിവുണ്ടാക്കിയ വലിയ ഗൂഢാലോചനയ്ക്കു പിന്നിൽ അന്തരിച്ച കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലായിരുന്നെന്നാണ് ആരോപണം. എസ്ഐടി അഹമ്മദാബാദ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഗുരുതര ആരോപണങ്ങളുള്ളത്.
അന്ന് ഗുജറാത്ത് ഭരിച്ച ബിജെപി സർക്കാരിനെ അട്ടിമറിക്കാനായിരുന്നു നീക്കമെന്നും സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് തുടങ്ങിയവർ ഇതിന്റെ ഭാഗമായി പ്രവർത്തിച്ചെന്നും അവകാശപ്പെടുന്നു. ആദ്യം അഞ്ചു ലക്ഷവും പിന്നീട് പട്ടേലിന്റെ നിർദേശാനുസരണം 25 ലക്ഷവും ടീസ്ത സെതൽവാദിന് കൈമാറിയെന്ന് സാക്ഷിമൊഴി ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
എസ്ഐടി സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തുവന്നു. അഹമ്മദ് പട്ടേലിനു പിന്നിൽ സോണിയ ഗാന്ധിയാണ് പ്രവര്‍ത്തിച്ചതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. മരിച്ചവരെപ്പോലും വെറുതെവിടാൻ തയ്യാറാകാത്ത പ്രതികാര രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു. മരിച്ച ആളുടെ പേരിൽ വാർത്തയും വിവാദവും ഉണ്ടാക്കാൻ എളുപ്പമാണെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ പറഞ്ഞു.
വ്യാജ തെളിവ് ഉണ്ടാക്കിയെന്ന കേസിൽ അറസ്റ്റിലായ ടീസ്തയും ശ്രീകുമാറും ഭട്ടും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എന്നാൽ, അന്വേഷണം ‘വലിയ ഗൂഢാലോചന’യിലേക്ക് കൊണ്ടുപോകാനും കൂടുതൽ ചർച്ച സൃഷ്ടിക്കാനുമാണ് എസ്ഐടിയുടെ നീക്കം.