ന്യൂഡൽഹി> രാജ്യത്തെ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കാൻ കാരണം ജഡ്ജിമാരുടെ ഒഴിവുകൾ സമയത്തിന് നികത്താത്തതുകൊണ്ടാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കൂടുന്നത് എന്തുകൊണ്ടാണെന്ന് പലരുംഅന്വേഷിക്കാറുണ്ട്. ജഡ്ജിമാരുടെ ഒഴിവുകൾ കാലാനുസൃതമായി നികത്താത്തതാണ് പ്രധാന കാരണമെന്ന് മറുപടി നൽകിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വേദിയിലിരിക്കെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ജയ്പുരിൽ ഓൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി യോഗമായിരുന്നു വേദി.അടുത്തിടെ ബിജെപി നേതാവ് നൂപുർ ശർമയെ വിമർശിച്ച സുപ്രീംകോടതിയുടെ രണ്ടു ജഡ്ജിമാർക്ക് എതിരെ നടന്ന കടന്നാക്രമണങ്ങൾ അപലപനീയമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ചൂണ്ടിക്കാണിച്ചു. കേന്ദ്ര നിയമമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു വിമർശം.