ന്യൂഡൽഹി> രാജ്യത്ത് അഭ്യസ്തവിദ്യർക്കിടയിൽ തൊഴിലില്ലായ്മ പെരുകുന്നതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി(സിഎംഇഐ) റിപ്പോർട്ട്. ജനുവരി–-ഏപ്രിൽ കാലത്ത് ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ 17.8 ശതമാനമായി. രാജസ്ഥാനിൽ ബിരുദധാരികളിലെ തൊഴിലില്ലായ്മ നിരക്ക് 54.2 ശതമാനമാണ്. രാജ്യത്ത് പൊതുതൊഴിലില്ലായ്മ നിരക്ക് 7.3 ശതമാനമായി.
ബിരുദധാരികളിലെ തൊഴിലില്ലായ്മ നിരക്കിൽ രണ്ടാം സ്ഥാനത്തുള്ള ബിഹാറിൽ ഇത് 34.2 ശതമാനമാണ്. ആന്ധ്രപ്രദേശിൽ 33.6, ഹരിയാനയിൽ 32.4 ശതമാനം വീതം ബിരുദധാരികൾ തൊഴിൽരഹിതരാണ്; കേരളത്തിൽ ഇത് 23.8 ശതമാനവും. കോവിഡ് മഹാമാരിയുടെ കെടുതികൾ തൊഴിലില്ലായ്മ രൂക്ഷമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചെന്നും റിപ്പോർട്ടിൽനിന്ന് വ്യക്തമാകുന്നു. രാജസ്ഥാനിൽ 2020 വരെ അഭ്യസ്തവിദ്യരിലെ തൊഴിലില്ലായ്മ 22 ശതമാനത്തിൽ താഴെയായിരുന്നു.