ന്യൂഡൽഹി
തുടർച്ചയായി നാലാം വർഷവും രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടിയെ തെരഞ്ഞെടുത്തു. കേന്ദ്ര സർക്കാരിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വർക്കാണ് (എൻഐആർഎഫ്) മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനുള്ള പട്ടിക തയ്യാറാക്കിയത്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനാണ് വെള്ളിയാഴ്ച പട്ടിക പുറത്തിറക്കിയത്. ഐഐഎസ്സി -ബംഗളൂരു, ഐഐടി -ബോംബെ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനംനേടി. ഡൽഹി ജെഎൻയുവിനാണ് പത്താംസ്ഥാനം. 11 വിഭാഗത്തിലായാണ് റാങ്കിങ് തയ്യാറാക്കിയത്. മികച്ച സർവകലാശാലകൾക്കുള്ള വിഭാഗത്തിൽ ഐഐഎസ്സി ബംഗളൂരു ഒന്നാമതെത്തി. ജെഎൻയു, ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല എന്നിവ രണ്ടും മൂന്നും സ്ഥാനത്താണ്. മികച്ച ബിസിനസ് സ്കൂളായി ഐഐഎം -അഹമ്മദാബാദും മെഡിക്കൽ കോളേജായി ഡൽഹി എയിംസും തെരഞ്ഞെടുക്കപ്പെട്ടു. എൻജിനിയറിങ് കോളേജ് വിഭാഗത്തിലും മദ്രാസിനാണ് ഒന്നാം റാങ്ക്. എംബിഎ കോളേജുകളുടെ പട്ടികയിൽ കോഴിക്കോട് ഐഐഎം നാലാം സ്ഥാനത്താണ്. അഹമ്മദാബാദാണ് ഒന്നാമത്.