ന്യൂഡൽഹി
പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിശ്വാസികൾക്ക് അംഗീകരിക്കാനാകാത്തതുമാണെന്ന് സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം പറഞ്ഞു. വിയോജിപ്പുകൾക്ക് കൂച്ചുവിലങ്ങിട്ട് മോദി സർക്കാർ ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുകയാണ്. സർക്കാരിനെ വിമർശിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ സഭ്യേതരമാക്കിയതിനു പിന്നാലെയാണ് അത്യസാധാരണമായ പുതിയ നടപടി.
ജനകീയ വിഷയങ്ങൾ പാർലമെന്റിനകത്തും പുറത്തും ഉന്നയിക്കാനുള്ള അവകാശം ഹനിക്കുന്നത് അംഗീകരിക്കില്ല. മൗലികാവകാശമാണ് റദ്ദാക്കപ്പെടുന്നത്. പാർലമെന്റിനകത്ത് എങ്ങനെ സംസാരിക്കണം, പാർലമെന്റിനു പുറത്ത് എങ്ങനെ പ്രവർത്തിക്കണം എന്ന കേന്ദ്ര സർക്കാരിന്റെ തീട്ടൂരങ്ങൾക്ക് അനുസരിച്ച് പാർലമെന്ററി പ്രവർത്തനം നടത്താൻ ഇടതുപക്ഷം തയ്യാറല്ല. ഈ വിഷയത്തിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണം–- എളമരം കരീം പറഞ്ഞു.