ടൊറോന്റോ
1985-ലെ എയർ ഇന്ത്യാ വിമാന ഭീകരാക്രമണക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട റിപുദാമൻ സിങ് മാലിക് എന്ന സിഖുകാരൻ ക്യാനഡയിൽ വെടിയേറ്റുമരിച്ചു. വ്യാഴാഴ്ച ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലാണ് സംഭവം. അന്വേഷണം ആരംഭിച്ചതായി കനേഡിയൻ പൊലീസ് അറിയിച്ചു.
331 പേരുടെ മരണത്തിനിടയാക്കിയ 1985ലെ എയർ ഇന്ത്യാ വിമാന സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽനിന്ന് മാലിക്കിനെയും കൂട്ടുപ്രതി അജയ് സിങ് ബാഗ്രിയെയും 2005-ൽ കോടതി വെറുതെവിട്ടിരുന്നു. തന്റെ അച്ഛൻ കേസിൽ പ്രതി ചേർക്കപ്പെട്ടത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും കോടതി കുറ്റവിമുക്തനാക്കിയതായും മകൻ ജസ് പ്രീത് മാലിക് അറിയിച്ചു.
1985 ജൂൺ 23-ന് 329 ആളുകളുമായി ടൊറന്റോയിൽനിന്ന് മുംബെെയിലേക്ക് പറന്ന എയർ ഇന്ത്യാ വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽനിന്ന് 31,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ കാർഗോയിലെ സ്യൂട്ട്കേസ് ബോംബ് പൊട്ടിത്തെറിച്ച് വിമാനത്തിലെ എല്ലാവരും മരിക്കുകയായിരുന്നു.