കൊളംബോ
ശ്രീലങ്കയുടെ താൽക്കാലിക പ്രസിഡന്റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് ഗോതബായയുടെ രാജി അംഗീകരിച്ചതായി ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ മഹിന്ദ അബെവർധന അറിയിച്ചു. രാജ്യത്ത് എത്രയുംവേഗം ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്ന് വിക്രമസിംഗെ പ്രഖ്യാപിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെ അംഗീകരിക്കും. പാർലമെന്റിന് പ്രസിഡന്റിനുമേൽ അധികാരം നൽകുന്ന ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതി പുനഃസ്ഥാപിക്കുന്നതായിരിക്കും പ്രസിഡന്റ് എന്ന നിലയിൽ ആദ്യ കടമയെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് ശനിയാഴ്ച യോഗം ചേരും. 19ന് പുതിയ പ്രസിഡന്റിനായുള്ള നാമനിർദേശം സമർപ്പിക്കാം. 20ന് തെരഞ്ഞെടുപ്പ് നടക്കും. അതിനിടെ, ഗോതബായയുടെ സഹോദരങ്ങളായ മുൻ പ്രധാനമന്ത്രി മഹിന്ദ, മുൻ ധനമന്ത്രി ബേസിൽ എന്നിവരെ രാജ്യംവിടുന്നതിൽനിന്ന് സുപ്രീംകോടതി വിലക്കി. 28 വരെ രാജ്യം വിടരുത്. ഇരുവരുടെയും വിദേശയാത്ര നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പരൻസി ഇന്റർനാഷണൽ ആണ് കോടതിയെ സമീപിച്ചത്.
റനിൽ X സജിത്
ശ്രീലങ്കൻ ചരിത്രത്തിൽ ആദ്യമായി പാർലമെന്റ് തെരഞ്ഞെടുപ്പിലൂടെ രാജ്യത്തിന്റെ പ്രഥമപൗരനെ തീരുമാനിക്കാൻ ഒരുങ്ങുമ്പോൾ ഉയർന്നു കോൾക്കുന്നത് രണ്ടു പേരുകൾ–- ഇടക്കാല പ്രസിഡന്റായി വെള്ളിയാഴ്ച ചുമതലയേറ്റ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും. പ്രധാന പ്രതിപക്ഷ പാർടി എസ്ജെബിയുടെ നേതാവും കൊളംബോയിൽനിന്നുള്ള എംപിയുമായ സജിത് പ്രേമദാസയെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയായിയാണ്. 1989–- 1993 കാലയളവിൽ രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന രണസിംഗെ രാമദാസയുടെ മകനാണ്. എൽടിടിഇ ചാവേർ ആക്രമണത്തിൽ അച്ഛൻ കൊല്ലപ്പെട്ടശേഷമായിരുന്നു രാഷ്ട്രീയപ്രവേശം.
ആറു പ്രാവശ്യം എംപിയും 2015ൽ പ്രധാനമന്ത്രിയുമായ പരിചയമുണ്ട് റനിൽ വിക്രമസിംഗെക്ക്. യുണൈറ്റഡ് നാഷണൽ പാർടിയുടെ ഏക എംപിയാണ്. മഹിന്ദ രജപക്സെയുടെ രാജിയെത്തുടർന്ന് മേയിലാണ് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തത്.
1978ൽ പുതിയ ഭരണഘടന നിലവിൽ വന്നശേഷം ഇതിനുമുമ്പ് ഒരിക്കൽ മാത്രമാണ് രാജ്യത്ത് ഇടക്കാല പ്രസിഡന്റിനെ നിയമിക്കേണ്ടതായി വന്നത്–- 1993ൽ. സജിത്തിന്റെ അച്ഛൻ രണസിംഗെയുടെ കൊലപാതകത്തെത്തുടർന്ന് ഡി ബി വിജെതുംഗയെ പാർലമെന്റ് ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു.