രാജ്യത്തെ ഭാവനവായ്പയുടെ വേരിയബിൾ പലിശ നിരക്ക് ആറ് ശതമാനമായി ഉയരുമെന്നു വിവിധ ബാങ്കുകൾ മുന്നറിയിപ്പ് നൽകി.
മെയ് മാസം മുതൽ റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ മൂന്നു തവണയാണ് പലിശ നിരക്ക് ഉയർത്തിയത്.
രാജ്യത്ത് ഇതേ വരെ ഉണ്ടായിരുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 0.1 ശതമാനത്തിൽ നിന്നും 1.35 ശതമാനത്തിലേക്കാണ് റിസർവ് ബാങ്ക് പലിശ വർദ്ധിപ്പിച്ചത്.
അടുത്ത വർഷം മാർച്ചോടു കൂടി പലിശ നിരക്ക് ഏകദേശം 3.5 ശതമാനമായി ഉയരുമെന്ന് സ്വിസ് ഇൻവെസ്റ്റ്മെന്റ് ബാങ്ക് യുബിഎസ് പ്രവചിച്ചു. ഇത് ഓസ്ട്രേലിയൻ ഭവന വിപണിയെ സാരമായി ബാധിക്കുമെന്നും ബാങ്ക് ചൂണ്ടിക്കാട്ടി.
പലിശ നിരക്ക് 3.5 ശതമാനമായി ഉയരുകയാണെങ്കിൽ, ശരാശരി വേരിയബിൾ മോർട്ട്ഗേജ് നിരക്ക് 6 ശതമാനത്തിലെത്തുമെന്നും യുബിഎസ് പറയുന്നു. ഇത് സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പും ബാങ്ക് നൽകുന്നുണ്ട്.
നിലവിൽ 3.93 ശതമാനമാണ് ദേശീയ തലത്തിൽ ശരാശരി വേരിയബിൾ നിരക്ക്.
മണിസ്മാർട്ട് മോർട്ഗേജ് കാൽക്കുലേറ്റർ പ്രകാരം ഈ നിരക്ക് 25 ബേസിസ് പോയിന്റുകൾ കൂടി 4.18 ശതമാനം ആകുകയാണെങ്കിൽ 6,15,000 ഡോളർ ഭവന വായ്പ ഉള്ള ഒരാൾക്ക് പ്രതിമാസ തിരിച്ചടവ് $89, അല്ലെങ്കിൽ $2,911-ൽ നിന്ന് $3,000 ആയി വർദ്ധിക്കും.
സെപ്റ്റംബറിൽ 25 ബേസിസ് പോയിൻറ് കൂടി വർധിച്ചാൽ തിരിച്ചടവ് $3,091 ആയി വർദ്ധിക്കും, അതായത് ഹോം ലോൺ എടുത്തവർ ഓരോ മാസവും $180 അധികമായി നൽകേണ്ടി വരും.
നവംബറിൽ ബാങ്കുകൾ മറ്റൊരു 0.25 ശതമാനം വർദ്ധന ജനങ്ങളിലേക്ക് കൈമാറിയാൽ, പ്രതിമാസ തിരിച്ചടവ് 3,182 ഡോളറായി ഉയരും.
അങ്ങിനെ നാല് മാസത്തിനുള്ളിൽ ലോൺ തിരിച്ചടവിൽ പ്രതിമാസം $271 ഡോളറിന്റെ വർദ്ധനവാകും ഉണ്ടാകുക.
ഇത് 0.25 ശതമാനം ബേസിസ് പോയിന്റുകൾ വർദ്ധിക്കുകയാണെങ്കിലുള്ള കണക്കാണ്.
എന്നാൽ ഓഗസ്റ്റ് മാസത്തിൽ 0.5 ശതമാനമോ 0.75 ശതമാനമോ വർദ്ധിക്കുകയാണെങ്കിൽ അത്ഭുതപ്പെടാനില്ല എന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.
6,00,000 ഡോളർ വായ്പയുള്ള ഒരാൾക്ക്, അവരുടെ തിരിച്ചടവ് ഇതിനകം പ്രതിമാസം ഏകദേശം $420 വർദ്ധിച്ചിട്ടുണ്ടെന്നു ANZ ക്യാപ്പിറ്റൽ ചീഫ് ഇക്കണോമിസ്റ്റ് ഷെയ്ൻ ഒലിവർ പറഞ്ഞു. പ്രതിവർഷം 5000 ഡോളറിന്റെ അധിക ഭാരമാകും ലോൺ എടുത്ത ആൾക്കുണ്ടാവുക.
ക്യാഷ് റേറ്റിൽ ഏകദേശം 3 ശതമാനം വർദ്ധനവ് ഉണ്ടെങ്കിൽ, ഇത് പ്രതിവർഷം ഏകദേശം 12,000 ഡോളർ ആയി വർദ്ധിക്കുമെന്നും ഷെയ്ൻ ഒലിവർ ചൂണ്ടിക്കാട്ടി.
ഈ വർഷാവസാനത്തോടെ പലിശ നിരക്ക് 2.6 ശതമാനമായി ഉയരുമെന്ന് വെസ്റ്റ്പാക്, NAB തുടങ്ങിയ പ്രമുഖ ബാങ്കുകൾ പ്രവചിച്ചിട്ടുണ്ട്.
2022 അവസാനത്തോടെ ഇത് 2.1 ശതമാനമാകുമെന്ന് കോമൺവെൽത്ത് ബാങ്ക് കണക്കാക്കുന്നു.
2024 ഫെബ്രുവരിയോടെ പലിശ നിരക്ക് 3.1 ശതമാനമായി ഉയരുമെന്നാണ് ANZ ബാങ്കിന്റെ പ്രവചനം.
അതേസമയം നവംബർ മാസം മുതൽ ലോണിന് അപേക്ഷിക്കുന്നവർക്ക് നിലവിലുള്ള നിരക്കിനേക്കാൾ മൂന്നു ശതമാനം അധികം കണക്കാക്കിക്കൊണ്ട് സ്ട്രെസ് ടെസ്റ്റ് നടത്തണമെന്ന് ഓസ്ട്രേലിയൻ പ്രുഡൻഷ്യൽ റെഗുലേഷൻ അതോറിറ്റി നിർദ്ദേശിച്ചു.
കടപ്പാട്: SBS മലയാളം