ന്യൂഡൽഹി > രാജ്യത്ത് 18 – -59 പ്രായപരിധിയിലുള്ള എല്ലാവർക്കും വെള്ളിയാഴ്ച മുതൽ 75 ദിവസം കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകും. ഈ പ്രായപരിധിയില്‍ ആകെ 77 കോടി പേരിൽ ഒരു ശതമാനം മാത്രമാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. 60 വയസ്സിന് മുകളിലുള്ള 16 കോടിയിൽ 26 ശതമാനവും ബൂസ്റ്റർ എടുത്തു. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷമായ ‘ആസാദി കാ അമൃത് മഹോത്സവ്’ പ്രമാണിച്ചാണ് സൗജന്യ ബൂസ്റ്റർ ഡോസ് വിതരണത്തിന് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തത്. രണ്ടാം ഡോസ് എടുത്തിട്ട് ഒമ്പത് മാസം കഴിഞ്ഞവരാണ് രാജ്യത്തെ ഭൂരിപക്ഷവും. ജനസംഖ്യയിൽ 96 ശതമാനംപേർ ഒന്നാം ഡോസും 87 ശതമാനം ഒന്നും രണ്ടും ഡോസും സ്വീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.