കൊച്ചി > നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാർഡ്, കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ അനധികൃതമായി തുറന്നതായി സൂചന. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി, എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി, നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണക്കോടതി എന്നിവിടങ്ങളിൽ മെമ്മറി കാർഡ് തുറന്നതായാണ് ഫോറൻസിക് ലാബ് റിപ്പോർട്ടിലുള്ളത്. കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ട്.
തിരുവനന്തപുരം സംസ്ഥാന ഫോറൻസിക് ലാബിൽനിന്നുള്ള ഹാഷ് വാല്യു പരിശോധനാ റിപ്പോർട്ട് സീൽവച്ച കവറിൽ ബുധനാഴ്ച വിചാരണക്കോടതിക്ക് കൈമാറി. വിചാരണ ശനിയാഴ്ച ആരംഭിക്കും. കോടതിയുടെ കൈവശമിരിക്കുന്ന മെമ്മറി കാർഡ് ആർക്കുവേണ്ടി പരിശോധിച്ചു, പരിശോധിച്ചതാര്, എപ്പോൾ എന്നിവ കണ്ടെത്തേണ്ടതുണ്ട്. ഇതന്വേഷിക്കാൻ മൂന്നാഴ്ച സമയം നീട്ടിനൽകണമെന്ന് ഹൈക്കോടതിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസിൽ സാഹചര്യം മാറിയിട്ടുണ്ടെന്നും മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ പുതിയ വെളിപ്പെടുത്തൽ പരിശോധിക്കേണ്ടതുണ്ടെന്നും ഹർജിയിൽ പറയുന്നു. വെള്ളിയാഴ്ച തുടരന്വേഷണം പൂർത്തിയാക്കി അനുബന്ധകുറ്റപത്രം നൽകേണ്ടതിനാലാണ് പുതിയ അപേക്ഷ.
എന്താണ് ഹാഷ് വാല്യു
ഒരുനിശ്ചിതസമയത്ത് മെമ്മറി കാർഡിലുള്ള വിവിധതരം ഡാറ്റകളുടെയും ഫയലുകളുടെയും ആകെത്തുകയാണ് ഹാഷ് വാല്യു. മെമ്മറി കാർഡ് പിടിച്ചെടുക്കുമ്പോൾ സൈബർ വിദഗ്ധർ ഈ വാല്യു മഹസറിലെഴുതും. മെമ്മറി കാർഡ് ഒരു കംപ്യൂട്ടറിലോ മൊബൈലിലോ ഇട്ട് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽഹാഷ് വാല്യു മാറും.