ന്യൂഡൽഹി > തൊഴിലില്ലായ്മക്കെതിരെയും അഗ്നിപഥ് പദ്ധതിക്കെതിരെയും സ്ഥാപക ദിനമായ നവംബർ മൂന്നിന് ആയിരങ്ങളെ അണിനിരത്തി പാർലമെന്റ് മാർച്ച് നടത്തുമെന്ന് ഡിവെഎഫ്ഐ കേന്ദ്രകമ്മിറ്റിയോഗം പ്രഖ്യാപിച്ചു. മാർച്ചിന്റെ പ്രചരണാർത്ഥം സെപ്തംബർ 15 അഖിലേന്ത്യാ അവകാശദിനമായി ആചരിക്കാനും ഡൽഹിയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആഗസ്റ്റ് 1 മുതൽസെപ്തംബർ 10 വരെ താഴെത്തട്ടിൽ തീവ്രമായ പ്രചാരണം ഉറപ്പാക്കും. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനങ്ങളിൽപരിപാടികൾ നടത്തും.
ഗാന്ധി ജയന്തി ദിവസം ബ്ലോക്ക് കേന്ദ്രങ്ങളിൽകാൽനട ജാഥകൾ നടത്തും.അന്നേദിവസം മുതൽ ഒക്കോബർ 25 വരെ സെമിനാറുകൾ, പ്രതിഷേധങ്ങൾ, ചർച്ചകൾ തുടങ്ങിയ സംഘടിപ്പിക്കും. സംസ്ഥാനതല പൊതുയോഗങ്ങളും പ്രകടനങ്ങളും ഇതിന്റെ ഭാഗമായി നടത്തുമെന്ന് അഖിലേന്ത്യ അധ്യക്ഷൻ എ എ റഹീം എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ നടത്തിയ പ്രക്ഷോഭം വൻ വിജയമായിരുന്നുവെന്നും യോഗം വിലയിരുത്തി.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇടതുപക്ഷ യുവജന വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മ ശക്തിപ്പെടുത്തും. ഇതോടൊപ്പം ജൂലായ് 15, 16 തീയതികളിലായി പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ അസമിനായി ഫണ്ട് ശേഖരണം നടത്തും. ജൂലൈ പത്തൊമ്പതിന് കിസാൻമോർച്ചയുടെ നേതൃത്വത്തിൽഅഗ്നിപഥ് പദ്ധതിക്കെതിരെയുള്ള സമരത്തിന്റെ മുന്നോടിയായി ചേരുന്ന യോഗത്തിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്നും എ എ റഹീം വ്യക്തമാക്കി.