ന്യൂഡൽഹി
പുതിയ പാർലമെന്റ് മന്ദിരത്തില് ദേശീയചിഹ്നമായ അശോകസ്തംഭം പ്രധാനമന്ത്രി അനാച്ഛാദനംചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗമായ എക്സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയരഹിതമായി വേർതിരിച്ചിട്ടുണ്ട്. രാഷ്ട്രപതിയാണ് പാർലമെന്റ് വിളിച്ചുചേർക്കുന്നത്. നിയമങ്ങൾ നിർമിക്കുക, എക്സിക്യൂട്ടീവിനെ പരിശോധനാ വിധേയമാക്കുക തുടങ്ങി ലെജിസ്ലേച്ചറിന് പ്രവർത്തിക്കാൻ അതിന്റേതായ സ്വതന്ത്രരീതിയുണ്ട്. ഈ വിഭാഗങ്ങൾക്ക് ഭരണഘടന വേർതിരിച്ചുനൽകിയ അധികാരങ്ങളെ ഇകഴ്ത്തുകയാണ് എക്സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ചെയ്തത്.
മാത്രമല്ല, ചടങ്ങിൽ പ്രധാനമന്ത്രി പൂജയും നടത്തി. എല്ലാ ഇന്ത്യക്കാർക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നൽകിയിട്ടുണ്ട്. അതേസമയം, ഭരണാധികാരികൾ ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന് ഭരണഘടന അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനയെ ഉയർത്തിപ്പിടിക്കുമെന്ന സത്യപ്രതിജ്ഞ കർക്കശമായി പാലിക്കാൻ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും തയ്യാറാകണം–- പിബി പ്രസ്താവനയിൽ പറഞ്ഞു.
ആറര മീറ്റർ ഉയരം, 9500 കിലോ
ന്യൂഡൽഹി
പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ആറര മീറ്റർ ഉയരമുള്ള വെങ്കല പ്രതിമ 9500 കിലോയുണ്ട്. ചിഹ്നത്തിന്റെ ഉരുക്കിലുള്ള താങ്ങ് 6500 കിലോയുണ്ട്. ഹൈന്ദവാചാര പ്രകാരമുള്ള പ്രത്യേക പൂജയ്ക്കു ശേഷമായിരുന്നു അനാച്ഛാദനം.
ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻശ്, പാർലമെന്ററി മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഹർദീപ് പുരി തുടങ്ങിയവരും പങ്കെടുത്തു. 1250 കോടി രൂപ മുടക്കിയാണ് പുതിയപാർലമെന്റ് മന്ദിരം നിർമിക്കുന്നത്. 977 കോടി രൂപയ്ക്ക് പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും 29 ശതമാനംകൂടി ചെലവ് വർധിച്ചു.
ടാറ്റാ പ്രോജക്ട്സാണ് നിർമാതാക്കൾ.