തിരുവനന്തപുരം
സ്വർണക്കടത്തുകേസിൽ മുൻ കോൺസുലേറ്റ് ജനറലിന്റെയും അറ്റാഷെയുടെയുമടക്കം മൊഴിയെടുക്കാൻ അനുമതി നൽകാതിരുന്ന വിദേശ മന്ത്രി എസ് ജയ്ശങ്കറിന്റെ പ്രസ്താവന ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ. മൂന്ന് അന്വേഷണ ഏജൻസി മാറിമാറി ചോദിച്ചിട്ടും വിദേശത്ത് പോയി മൊഴിയെടുക്കാൻ അനുവദിച്ചില്ല. സത്യം പുറത്തുവരാതിരിക്കാൻ വാശിയോടെ നിൽക്കുന്നത് ആരെന്ന സൂചനയും ജയ്ശങ്കറിന്റെ പ്രസ്താവനയിൽ വ്യക്തം.
‘തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ പ്രോട്ടോകോൾ ലംഘനം നടന്നത് വ്യക്തമായി അറിയാം, അവിടെ നടക്കാൻ പാടില്ലാത്തത് നടന്നു, അധികാരത്തിലിരിക്കുന്നവർ നിയമപരമായി പ്രവർത്തിക്കണം’’ എന്നാണ് ജയ്ശങ്കർ പറഞ്ഞത്. എന്നാൽ, രണ്ടു വർഷം കഴിഞ്ഞിട്ടും കേസ് അന്വേഷണം എന്തുകൊണ്ട് ശരിയായി മുന്നോട്ടുപോയില്ല എന്ന സത്യം മനപ്പൂർവം മറച്ചു. നയതന്ത്ര ബാഗേജ് വഴിയല്ല സ്വർണം വന്നതെന്ന് തറപ്പിച്ചുപറഞ്ഞ കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തിലാണ് ഇത് പറഞ്ഞത് എന്നതും ശ്രദ്ധേയം. ജയ്ശങ്കർ ഉറപ്പിച്ചു പറഞ്ഞതിന്റെ അർഥം നയതന്ത്ര ബഗേജ് വഴി തന്നെയാണ് സ്വർണം കടത്തിയത് എന്നാണ്.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് 2020 ജൂലൈ അഞ്ചിനാണ് 30 കിലോ സ്വർണം പിടിച്ചത്. കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. കസ്റ്റംസ്, എൻഐഎ, ഇഡി എന്നീ മൂന്ന് ഏജൻസിയും അന്വേഷിച്ചു. ദുബായിൽനിന്ന് സ്വർണം അയച്ച മലയാളിയായ ഫൈസൽ ഫരീദ്, മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡിമിൻ അറ്റാഷെ റാഷിദ് അലി തുടങ്ങി കേസിൽ പല കണ്ണികളുണ്ട്. ഇവരുടെ മൊഴിയെടുക്കാതെയുള്ള എല്ലാ വ്യാഖ്യാനങ്ങളും വസ്തുതകളിലേക്ക് കടക്കാതെയുള്ള രാഷ്ട്രീയ കളികൾ മാത്രമാകും.
നടക്കാത്തത് നടന്നത് കോൺസുലേറ്റിൽ മാത്രമല്ല, വിദേശ മന്ത്രാലയത്തിലുമാണെന്ന് കേസിന്റെ നാൾവഴി തെളിയിക്കുന്നു. കേസിന്റെ അടിസ്ഥാനപരമായ അന്വേഷണത്തിന് വിലങ്ങുനിൽക്കുന്നവർ തന്നെ കേരളത്തിൽ വന്ന് പുകമറ സൃഷ്ടിക്കാനുള്ള ശ്രമത്തിനും രണ്ടു വർഷത്തെ പഴക്കം.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പഴയ നനഞ്ഞ പടക്കം പൊട്ടിക്കാമോ എന്ന വൃഥാശ്രമമാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്.