കൊളംബോ
ഇന്ധനം വാങ്ങാൻ പെട്രോൾ പമ്പുകൾക്കുമുന്നിൽ വരിനിൽക്കുന്നവർ മാസങ്ങളായി ശ്രീലങ്കയിൽ പതിവുകാഴ്ചയാണ്. സമാനമായ മറ്റൊരു കാഴ്ചയാണ് കൊളംബോയിലെ പ്രസിഡന്റിന്റെ കൊട്ടാര പരിസരത്ത് ഇപ്പോഴുള്ളത്. രണ്ടുനൂറ്റാണ്ട് പഴക്കമുള്ള ആഡംബര മാളികയിൽ കയറാനും കാഴ്ചകൾ കാണാനും വരി നിൽക്കുകയാണ് ശ്രീലങ്കയിലെ സാധാരണക്കാർ.
ശനിയാഴ്ച മുതൽ പ്രസിഡന്റിന്റെ കൊട്ടാരം പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. ലക്ഷം പ്രക്ഷോഭകർ നിലവിൽ കൊട്ടാരത്തിനുള്ളിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. കൊട്ടാരത്തിലെ പ്രധാന ഓഫീസ് മുറിയിലെ പ്രസിഡന്റിന്റെ കസേരയിലിരുന്ന് ആളുകൾ എടുത്ത ചിത്രം തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തങ്ങളുടെ പ്രതിഷേധത്തിന്റെ മാധ്യമങ്ങളിലെ തത്സമയ പ്രക്ഷേപണം കൊട്ടാരത്തിനുള്ളിലിരുന്ന് പ്രക്ഷോഭകർ ടിവിയിൽ കാണുന്ന ദൃശ്യവും പുറത്തുവന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക രാജിവാർത്തയെത്തുംവരെ കൊട്ടാരം ഒഴിയില്ലെന്ന നിലപാടിലാണ് ഇവർ.
അതിനിടെ, കൊട്ടാരത്തിലെ രഹസ്യ ബങ്കറും പ്രക്ഷോഭകർ കണ്ടെത്തി. അലമാരയുടെ പിറകിലായി മറഞ്ഞിരിക്കുംവിധമാണ് ബങ്കറിന്റെ രൂപകൽപ്പന. ഇവിടേക്ക് പടവുകൾ വഴിയും ലിഫ്റ്റ് മാർഗവുമെത്താം. എന്നാൽ, ഉരുക്കുവാതിൽ തുറക്കാനായിട്ടില്ല. പ്രസിഡന്റ് ബങ്കറിൽ ഒളിഞ്ഞിരിക്കുകയാണെന്നതു മുതൽ ജനങ്ങളിൽനിന്ന് കൊള്ളയടിച്ച പണം ഇവിടെ സൂക്ഷിച്ചിരിക്കുന്നു എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നു.കൊട്ടാരത്തിൽനിന്ന് പ്രക്ഷോഭകർ കണ്ടെത്തി ഏൽപ്പിച്ച 1.785 കോടി രൂപ കോടതിയിൽ ഏൽപ്പിച്ചതായി പൊലീസ് പറഞ്ഞു.