ലണ്ടൻ
‘എന്നെക്കുറിച്ച് നിങ്ങളറിഞ്ഞതൊന്നും സത്യങ്ങളല്ല. ഞാൻ മോ ഫറായല്ല, ഹുസെെൻ അബ്ദി കാഹിൻ ആണ്’– ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട്, ബ്രിട്ടന്റെ എക്കാലത്തെയും മികച്ച ദീർഘദൂര ഓട്ടക്കാരൻ മോ ഫറാ പറയുന്നു. ബിബിസിയുടെ ഡോക്യുമെന്ററിയിലായിരുന്നു കഴിഞ്ഞകാലത്തെക്കുറിച്ചുള്ള കണ്ണീരോർമകൾ ഫറാ പങ്കുവച്ചത്. ‘ദി റിയൽ മോ ഫറാ’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
ബ്രിട്ടന്റെ ട്രാക്ക് ആൻഡ് ഫീൽഡ് അത്-ലീറ്റായ ഫറാ നാല് ഒളിമ്പിക്സ് മെഡലുകൾ നേടിയാണ് ചരിത്രമെഴുതിയത്. ഈ നേട്ടംകെെവരിക്കുന്ന ആദ്യ ബ്രിട്ടീഷ് താരവുമായി ഈ മുപ്പത്തൊമ്പതുകാരൻ. എന്നാൽ, എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ഫറായുടെ അതിജീവനത്തിന്റെ ചരിത്രമുണ്ട്. പ്രതിബന്ധങ്ങൾ മറികടന്ന് ലോകത്തെ മികച്ച താരമായി മാറിയതിന്റെ അനുഭവങ്ങൾ വിവരിക്കുകയാണ് ഫറാ ഈ ഡോക്യുമെന്ററിയിൽ.
മനുഷ്യക്കടത്തിന്റെ ഇരയായാണ് ഫറാ ബ്രിട്ടനിൽ എത്തിയത്. തുടർന്ന് വർഷങ്ങൾക്കുശേഷമാണ് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നത്.
‘ആഫ്രിക്കയിലെ സൊമാലിലാൻഡിൽ ഹുസെെൻ അബ്ദി കാഹിൻ എന്ന പേരിലായിരുന്നു എന്റെ ജനനം. എന്റെ മാതാപിതാക്കൾ ഒരുകാലത്തും ബ്രിട്ടനിൽ ജീവിച്ചിട്ടില്ല. എന്റെ നാലാംവയസ്സിലാണ് ആഭ്യന്തരകലാപത്തിനിടെ അച്ഛൻ കൊല്ലപ്പെടുന്നത്.’– -ഫറാ പറയുന്നു.
കുടുംബത്തിനൊപ്പം ജീവിക്കുമ്പോഴാണ് ഒമ്പതാംവയസ്സിൽ ഫറാ ബ്രിട്ടനിലേക്ക് പറക്കുന്നത്. യൂറോപ്പിൽ ബന്ധുക്കളുണ്ടെന്നുപറഞ്ഞ് ഒരു സ്ത്രീയാണ് ഫറായെ കൊണ്ടുപോയത്. അന്ന് ആദ്യമായി ഫറാ വിമാനം കണ്ടു. അവർ മുഹമ്മദ് ഫറായെന്ന് മറ്റൊരു പേരിട്ടു. വ്യാജ യാത്രാരേഖകളുണ്ടാക്കി.
‘ബന്ധുക്കളുടെ വിലാസങ്ങൾ എന്റെ കെെയിലുണ്ടായിരുന്നു. എന്നാൽ, ആ സ്ത്രീ ആ കടലാസ് എന്റെ കെെയിൽനിന്ന് തട്ടിപ്പറിച്ചശേഷം കീറിക്കളഞ്ഞു. ആ നിമിഷം ഞാൻ മനസ്സിലാക്കി, എല്ലാം തകർന്നെന്ന്’. കുളിമുറിയിൽ ഇരുന്ന് ഞാൻ ഏറെനേരം പൊട്ടിക്കരഞ്ഞു– ഫറാ ഓർമിക്കുന്നു.
ആ വീട്ടിലെ ജീവിതം ഫറാ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. കുടുംബത്തിലെ അംഗമായിപ്പോലും അവർ പരിഗണിച്ചില്ല. ആദ്യ ദിവസങ്ങളിൽ സ്കൂളിലേക്ക് വിട്ടില്ല. വീട്ടുജോലികൾ ചെയ്യിപ്പിച്ചു.
അധ്യാപകനായ അലൻ വാറ്റ്കിൻസാണ് ഏഴു വർഷത്തിനുശേഷം ഫറായെ മറ്റൊരു വീട്ടിലേക്ക് മാറ്റുന്നത്. വാറ്റ്കിൻസൺതന്നെയാണ് ട്രാക്കിലേക്കും കൊണ്ടുവരുന്നത്. ബ്രിട്ടീഷ് പൗരത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും ഒപ്പംനിന്നു. 2000ലാണ് പൗരത്വം ലഭിച്ചത്. ഏറെക്കാലത്തിനുശേഷം അമ്മയെയും സഹോദരങ്ങളെയും വീണ്ടും കണ്ടുമുട്ടിയതിനെക്കുറിച്ചും ഫറാ വിവരിക്കുന്നുണ്ട്. മനുഷ്യക്കടത്തിന്റെയും അടിമത്വത്തിന്റെയും വേദനകളിൽനിന്ന് ഓട്ടമാണ് തന്നെ രക്ഷിച്ചതെന്ന് ഫറാ പറയുന്നു.
പതിനായിരം മീറ്ററിലും 5000 മീറ്ററിലും രണ്ട് ഒളിമ്പിക്സുകളിൽ ഫറാ ബ്രിട്ടനുവേണ്ടി സ്വർണം നേടിയിട്ടുണ്ട്. 2012, 2016 ഒളിമ്പിക്സുകളിലായിരുന്നു നേട്ടം.