കൊളംബോ
ജനകീയ പ്രക്ഷോഭം തുടരുന്ന കൊളംബോയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന വാർത്ത നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമീഷൻ. ഇത്തരത്തിൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഹൈക്കമീഷൻ ട്വീറ്റ് ചെയ്തു. ജനാധിപത്യത്തിനും പുരോഗതിക്കുമായുള്ള ശ്രീലങ്കൻ ജനതയുടെ പോരാട്ടത്തിനൊപ്പമാണ് ഇന്ത്യയെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവിച്ചിട്ടുണ്ടെന്നും ട്വീറ്റിൽ പറഞ്ഞു.
ഗോതബായയും മഹിന്ദയും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും ഇവരെ അട്ടിമറിച്ച ആൾക്കൂട്ട പ്രവൃത്തിയെ അംഗീകരിക്കാനാകില്ലെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തിരുന്നു. ആൾക്കൂട്ടത്തെ നേരിടാൻ ശ്രീലങ്ക ആവശ്യപ്പെട്ടാൽ ഇന്ത്യ സൈനിക സഹായം ലഭ്യമക്കണമെന്നും അദ്ദേഹം കുറിച്ചു. ഇതോടെയാണ് ഇന്ത്യ ലങ്കയിലേക്ക് സൈന്യത്തെ അയക്കുന്നതായ പ്രചാരണം വീണ്ടും സജീവമായത്.
കഴിഞ്ഞ ദിവസം മഹിന്ദ രജപക്സെയും കുടുംബവും ഇന്ത്യയിലേക്ക് കടന്നതായും പ്രചാരണമുണ്ടായി. ഇതും ഹൈക്കമീഷൻ നിഷേധിച്ചു.