മട്ടാഞ്ചേരി
അനധികൃതമായി മീൻപിടിത്തം നടത്തിയ മൂന്ന് തമിഴ്നാട് വഞ്ചികൾ പിടിച്ചു. രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ മീൻപിടിത്തം നടത്തിയ സെന്റ് ആന്റണി, ബൈബിൾ, മരിയ വാഴ്കൈ എന്നിവയും ഉടമകൾ കന്യാകുമാരി ചിന്നവിള സ്വദേശികളായ സഹായജിത്, അന്തോണി അടിമൈ, പനിപ്രോം എന്നിവരെയുമാണ് ഫിഷറീസ് സ്റ്റേഷനിലെ പട്രോളിങ് സംഘം പിടികൂടിയത്. 40,000 രൂപ പിഴയും ഈടാക്കി. തിരിച്ചുപോകുന്നതിന് കർശന നിർദേശവും നൽകിയിട്ടുണ്ട്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർമാരായ ജോയിസ് എബ്രഹാം, പി അനീഷ്, മറൈൻ എൻഫോഴ്സ്മെന്റ് എസ്ഐ വി ജയേഷ്, സീഗാർഡുമാർ എന്നിവർ പട്രോളിങ്ങിൽ പങ്കെടുത്തു.
ട്രോളിങ് നിരോധനസമയത്ത് ഇതരസംസ്ഥാന ബോട്ടുകൾ, വഞ്ചികൾ എന്നിവ തീരംവിട്ടുപോകുകയോ അല്ലാത്തവ മീൻപിടിത്തത്തിന് പോകാതെ കെട്ടിയിടുകയോ ചെയ്യണമെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. കൂടാതെ ഇതരസംസ്ഥാന മീൻപിടിത്ത വഞ്ചികൾ, ബോട്ടുകൾ എന്നിവ ജില്ലയിലെ തീരക്കടലിൽ മീൻപിടിത്തം നടത്തുന്നതും ഹാർബർ, ലാൻഡിങ് സെന്ററിലും മറ്റ് സ്ഥലങ്ങളിലും മീൻ ഇറക്കുന്നതും നിരോധിച്ച് കലക്ടർ ഉത്തരവിട്ടിരുന്നു.