കൊച്ചി
ആർഎസ്എസ് ബന്ധം പുറത്തായതോടെ മൂന്ന് ദിവസം മിണ്ടാവ്രതത്തിലായ പ്രതിപക്ഷനേതാവ് വിഡി സതീശൻ പുതിയ തരികിടയുമായി രംഗത്ത്. തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകർക്ക് മുന്നിലാണ് പുതിയ വളച്ചൊടിക്കൽ നാടകം. തൃശൂരിൽ 2013ൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങിൽ മാത്രമാണ് താൻ പങ്കെടുത്തതെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ, 2006ൽ സ്വന്തം മണ്ഡലത്തിൽ ആർഎസ്എസിന്റെ ഗോൾവാൾക്കർ ജന്മശതാബ്ദി ആലോഷം ഉദ്ഘാടനം ചെയ്ത കാര്യം വിഴുങ്ങി.
ചടങ്ങിന്റെ നോട്ടീസും ചിത്രവുമടക്കം ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചതിനെ കുറിച്ചും മിണ്ടാട്ടമില്ല. 1996ലെ തോൽവിക്കുശേഷം സഹായം ചോദിച്ച് ആർഎസ്എസ് കാര്യാലയത്തിൽ കയറിയിറങ്ങിയെന്ന വെളിപ്പെടുത്തലിനും മറുപടിയില്ല.
വിചാരധാര രണ്ടു പ്രാവശ്യം വായിച്ചിച്ചെന്ന് അവകാശപ്പെടുന്ന സതീശന് എന്നിട്ടും അതിലെ അപകടം മനസിലായില്ലേ എന്നാണ് ആർഎസ്എസുകാർ തന്നെ ചോദിക്കുന്നത്.
വോട്ട് തേടിയെന്ന് ആവർത്തിച്ച് ആർഎസ്എസ്
കൊച്ചി
പറവൂരിലെ ആദ്യതോൽവിക്കുശേഷം 2001ലും 2006ലും തെരഞ്ഞെടുപ്പിൽ വി ഡി സതീശൻ ആർഎസ്എസ് സംസ്ഥാന–-ജില്ലാ നേതാക്കളെ രഹസ്യമായി കണ്ട് സഹായം അഭ്യർഥിച്ചെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു വാർത്താലേഖകരോട് പറഞ്ഞു. വിചാരധാര രണ്ടു പ്രാവശ്യം വായിച്ച് അപകടം മനസ്സിലാക്കിയെന്നു പറഞ്ഞ സതീശൻ, എന്നിട്ടും എന്തിനാണ് സ്വന്തം മണ്ഡലത്തിൽ ഗുരുജി ജന്മശതാബ്ദി ആഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ആർ വി ബാബു എങ്ങനെ പറവൂരിൽ വന്നുവെന്നാണ് ചോദ്യം. മരട് നെട്ടൂർ സ്വദേശി വി ഡി സതീശൻ ആലുവയിൽ വന്നത് എങ്ങനെയാണോ അതുപോലെയാണ് പുത്തൻവേലിക്കരക്കാരനായ താൻ പറവൂരിൽ എത്തിയതെന്നും ആർ വി ബാബു മറുപടി പറഞ്ഞു.