ദുബായ്> ബലി പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ വിവിധ ഭരണാധികാരികൾ തടവുകാരെ മോചിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു. കുടുംബവുമായി ചേരാനും പുതിയൊരു ജീവിതം തുടങ്ങാനും അവസരം ഒരുക്കുകയാണ് മാപ്പ് നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭരണാധികാരികൾ വ്യക്തമാക്കി. പെരുന്നാൾ ദിനങ്ങളോട് അനുബന്ധിച്ച് തടവുകാർക്ക് മോചനം നൽകുന്ന രീതി രാജ്യത്ത് വർഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്.
യുഎഇ പ്രസിഡൻറ് ഷേക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 737 തടവുകാർക്ക് മോചനം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 505 തടവുകാർക്കാണ് മോചനം പ്രഖ്യാപിച്ചത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 194 പേർക്ക് മാപ്പു നൽകിയതായി അറിയിച്ചു.
അജ്മാൻ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ നുഐമി 93 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിറക്കി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ മുഹമ്മദ് അൽ ശർഖി 146 പേരുടെ മോചനത്തിനാണ് ഉത്തരവിട്ടത്.