ന്യൂഡൽഹി
തീവ്രവിദ്വേഷപ്രസംഗം നടത്തിയ യതിനരസിംഹാനന്ദ് ഉൾപ്പെടെയുള്ളവരെ വിദ്വേഷപ്രചാരകരെന്ന് വിമർശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
ഇതേ കേസില്‍ സുബൈറിനെ ഉത്തർപ്രദേശിലെ സിതാപുർ കോടതി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ, മോദി സർക്കാരിനെ പരിഹസിച്ചുള്ള ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായ സുബൈർ തിഹാർ ജയിലിലാണ്.
ആശങ്ക അറിയിച്ച് ജർമനി; തള്ളി ഇന്ത്യ
ആൾട്ട്ന്യൂസ് സഹസ്ഥാപകൻ മൊഹമദ് സുബൈറിനെ അറസ്റ്റ്ചെയ്തത് ആശങ്കയുണ്ടാക്കുന്ന നടപടിയാണെന്ന ജർമൻ വിദേശമന്ത്രാലയത്തിന്റെ രൂക്ഷവിമർശത്തെ തള്ളി കേന്ദ്രസർക്കാർ. രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണെന്നും കോടതിക്കു മുന്നിലുള്ള വിഷയത്തിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്നും വിദേശമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ലോകത്തെ വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽനിന്ന് ജനാധിപത്യ മൂല്യങ്ങളിലൂന്നിയ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ജർമനി പ്രതികരിച്ചത്.