ന്യൂഡൽഹി
വിവിധ ഒബിസി വിഭാഗങ്ങളെ തരംതിരിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് രോഹിണി കമീഷന്റെ കാലാവധി കേന്ദ്രസർക്കാർ 13–-ാം തവണയും നീട്ടി. റിപ്പോർട്ട് സമർപ്പിക്കാന്‍ 2023 ജനുവരി 31 വരെ സമയം നല്കി. കേന്ദ്ര മന്ത്രിസഭാ യോഗമാണ് കമീഷന് ആവശ്യപ്പെടാതെ കാലാവധി നീട്ടിയത്.
ഒബിസി വിഭാഗങ്ങളുടെ പിന്തുണയുള്ള എസ്പി, ആർജെഡി, ആർഎൽഡി, ഐഎൻഎൽഡി തുടങ്ങിയ രാഷ്ട്രീയകക്ഷികളെ മെരുക്കാന്‍ ലക്ഷ്യമിട്ട് 2017 ഒക്ടോബറിലാണ് കമീഷൻ രൂപീകരിച്ചത്. എസ്പി, ആർഎൽഡി തുടങ്ങിയ കക്ഷികളുടെ അടിത്തറ ഒബിസിയിൽ ഉൾപ്പെടുന്ന യാദവ, ജാട്ട് വിഭാഗങ്ങളാണ്. നിർണായക രാഷ്ട്രീയശക്തിയായ ഈ ജാതിവിഭാഗങ്ങൾ ഒബിസി സംവരണത്തിൽ നല്ലൊരു പങ്കും നേടുന്നതായി ഒരു ഘട്ടത്തിൽ ബിജെപി പ്രചാരണം നടത്തി. ജാട്ട്, യാദവ വിഭാഗങ്ങളിൽ വിടവ് സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്.എന്നാൽ, യുപി തെരഞ്ഞെടുപ്പിലും മറ്റും ജാട്ട് വിഭാഗം ബിജെപിയെ പിന്തുണച്ചു തുടങ്ങുകയും കുർമി, കുശ്വാഹ, മൗര്യ തുടങ്ങി മറ്റ് ഒബിസി വിഭാഗങ്ങൾ നിർണായക വോട്ടു ബാങ്കാകുകയും ചെയ്തതോടെ ബിജെപിയുടെ ലക്ഷ്യം പാളി. ഇതോടെയാണ് ജസ്റ്റിസ് രോഹിണി കമീഷന് തുടർച്ചയായി കാലാവധി നീട്ടുന്നത്.
ജാതി സെൻസസ് എന്ന ആവശ്യവുമായി ആർജെഡി, ജെഡിയു തുടങ്ങിയ കക്ഷികൾ സമ്മർദം ചെലുത്തുന്നതും ഇതിനിടയാക്കി.