തിരുവനന്തപുരം
സ്വന്തം തീരുമാനപ്രകാരം മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാനോട് കേരളത്തിലെ മാധ്യമങ്ങളെടുത്ത സമീപനം അവരുടെ ‘ഭരണഘടനാ പ്രേമ ’ത്തിന്റെ പൂച്ച് പൊളിക്കുന്നത്. സർക്കാരിനെതിരെ അവമതിപ്പുണ്ടാക്കാനുള്ള വ്യഗ്രതയിൽ രാജിവച്ച മന്ത്രിയെ ശൂലത്തിൽ തറച്ച് കൊല്ലുന്ന ചിത്രം വരയ്ക്കാൻവരെ അവർ തുനിഞ്ഞു. അഴിമതിയോ അധികാര ദുർവിനിയോഗമോ നടത്തി രാജിവച്ച മന്ത്രിയല്ല സജി ചെറിയാൻ. പ്രസംഗത്തിന്റെ പേരിൽ സമൂഹത്തിൽ തെറ്റിദ്ധാരണ പരക്കാൻ ഇടവന്ന സാഹചര്യമാണ് രാജിയിൽ എത്തിയത്.
പല ന്യായം പറഞ്ഞ് അഴിമതിക്കാരായ മന്ത്രിമാർ അധികാരത്തിൽ കടിച്ചുതൂങ്ങിയ യുഡിഎഫ് ചരിത്രം മുന്നിലുള്ളപ്പോഴാണ് ഇതെന്ന് ആരും പറഞ്ഞില്ല. പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ ആർ ബാലകൃഷ്ണപിള്ള രാജിവച്ചെങ്കിലും കോടതി പറഞ്ഞത് ഇക്കാര്യത്തിൽ നിയമനാധികാരി എടുക്കുന്ന തീരുമാനമാണ് അന്തിമം എന്നാണ്. ഇത്തരം നിരവധി അനുഭവം മുന്നിലുള്ളപ്പോഴാണ് മാധ്യമങ്ങളുടെ ഈ നടപടി. എന്നാൽ, ഇവർ നിശ്ചയിച്ച പാതയിലൂടെ നീങ്ങുന്നവരല്ല സർക്കാരും ഇടതുപക്ഷവും എന്ന് ഒരിക്കൽക്കൂടി തെളിയിച്ചു രാജി. ബുധനാഴ്ച മാധ്യമ വ്യാഖ്യാന പടുക്കൾ നടത്തിയ ഒരു പ്രവചനവും സത്യമായില്ല. അതിന്റെ ജാള്യവും അവർക്കുണ്ട്. ഇടതുപക്ഷത്തിനെതിരെയും ഇല്ലാക്കഥ ചമയ്ക്കാൻ എന്തു വൃത്തികേടും ഒപ്പിക്കുന്ന ഇവർ ഭരണഘടനാ സംരക്ഷണത്തിന്റെ അപ്പോസ്തലരാകുന്നതും മറ്റൊരു തമാശ.