ലണ്ടന്‍> കുട്ടികളില്‍ ഭാഷാശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സമീക്ഷ യുകെ ഗ്ലോസ്റ്റര്‍ ഷെയറില്‍ ആരംഭിച്ച സ്കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം വേറിട്ട അനുഭവമായി. നൂറോളം കുട്ടികള്‍ പ്രവേശനോത്സവത്തിനെത്തി. മധുര പലഹാരങ്ങളും ബലൂണുകളും സമ്മാനിച്ചാണ് കുട്ടികളെ സ്വീകരിച്ചത്.
”മധുരം മലയാളം മലയാള ഭാഷ പഠന വേദി ‘ എന്ന നാമധേയത്തില്‍ കേരള സര്‍ക്കാരിന്റെ ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാ മലയാളം’ എന്ന ആപ്തവാക്യത്തിന്റെ ഭാഗമായി മലയാള മിഷന് കേരളയുമായി ചേര്‍ന്നാണ് സമീക്ഷ ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളം സ്കൂളില്‍ ഭാഷാപഠന പരീശീലനം കുട്ടികള്‍ക്കു നല്‍കുന്നത് . സിനിമാ – സീരിയല്‍ – മിമിക്രി രംഗത്തെ പ്രമുഖരായ സുരാജ് വെഞ്ഞാറുമൂട്, കോട്ടയം നസീര്‍ , മാളവിക മേനോന് ,ഉല്ലാസ് പന്തളം, അയ്യപ്പ ബൈജു തുടങ്ങിയവര്‍ ഓണ്‍ലൈനായി മംഗളാശംസകള്‍ നേര്‍ന്നു.
ലോറന്‍സ് പെല്ലിശ്ശേരി അധ്യക്ഷനായി .ഒന്നിടവിട്ട ശനിയാഴ്ചകളില്‍ വൈകുന്നേരമാണ് ക്ലാസ്സ് നടക്കുന്നത്. കേരള മലയാളം മിഷന് ഡയറക്ടറും പ്രസിദ്ധ കവിയുമായ മുരുകന് കാട്ടാക്കാട ഓണ്‍ലൈനായി പ്രഭാഷണം നടത്തി. സുനില്‍ ജോര്‍ജ്ജ് ( യുകെകെഎം)സൗത്ത് വെസ്റ്റ് ആശംസാ പ്രസംഗം നടത്തി . യോഗത്തില്‍ സമീക്ഷ ഗ്ലോസ്റ്റര്‍ഷയര്‍ സെക്രട്ടറി സാം കൊച്ചു പറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു . പിന്നീട് വിവിധ അധ്യാപകര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു.