നിലമ്പൂർ> പുഴകടക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു. നീന്തിക്കയറിയത് കൊടുംകാട്ടിൽ, തോരാമഴയിൽ ഒരുരാത്രി മുഴുവൻ അവിടെ. ഇടയ്ക്കിടെ ആനയുടെ ചിന്നംവിളി… ബാബുവിന് അതൊരു കാളരാത്രിയായിരുന്നു. രക്ഷപ്പെടൽ അസാധ്യമെന്ന് കരുതിയ ആ യുവാവ് ഒടുവിൽ ജീവിതത്തിലേക്ക് എത്തി. രക്ഷകരായത് വിവിധ സേനയും നാട്ടുകാരും.
ആഢ്യൻപാറ വനത്തിനുള്ളിൽ കുടുങ്ങിയ ചാലിയാർ പഞ്ചായത്തിലെ പ്ലാക്കൽച്ചോല പട്ടികവർഗ കോളനിയിലെ കുട്ടിപ്പെരകന്റെയും മാതവിയുടെയും മകൻ ബാബുവിനെ(23)യാണ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച പകൽ 11.30ഓടെ കാഞ്ഞിരപ്പുഴ കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഒഴുക്കിൽപ്പെട്ടത്. വീഴ്ചയിൽ പാറക്കെട്ടിലിടിച്ചതിനാൽ ശരീരമാസകലം പരിക്കുപറ്റിയെങ്കിലും നീന്തി. എത്തിയത് ആഢ്യൻപാറ വനത്തിൽ.
ചൊവ്വ രാവിലെ പത്തോടെ കെഎസ്ഇബി ഡാമിൽ ചപ്പുചവറുകൾ വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ബാബുവിനെ കണ്ടതും മറ്റുള്ളവരെ അറിയിച്ചതും. ഭക്ഷണം എറിഞ്ഞുകൊടുത്തശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. അഗ്നിരക്ഷാസേനയും പൊലീസും എമർജൻസി റെസ്ക്യൂ ടീമും വനം അധികൃതരും നാട്ടുകാരും മണിക്കൂറുകൾ ശ്രമിച്ചാണ് ബാബുവിനെ പുറത്തെത്തിച്ചത്. ചാലിയാർ എഫ്എച്ച്സിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്തീരായിരം വനത്തിലേക്ക് ഈന്ത് ശേഖരിക്കാൻ പോയപ്പോഴാണ് ഒഴുക്കിൽപെട്ടതെന്ന് ബാബു പറഞ്ഞു. ‘പുഴയിൽ ഇറങ്ങിയപ്പോഴേക്കും മലവെള്ളം കുത്തിയൊലിച്ചെത്തി. എണ്ണൂറ് മീറ്ററോളം താഴേക്കുപോയി. പലതവണ പാറയിൽ പിടിച്ചെങ്കിലും ഒഴുക്കും വഴുക്കുംകാരണം രക്ഷപ്പെടാനായില്ല. കാട്ടിൽ വന്യമൃഗശല്യം പേടിച്ച് പാറക്കെട്ടിലാണ് കഴിഞ്ഞത്’–- ബാബു പറഞ്ഞു.