ദോഹ> ‘പ്രവാസി ക്ഷേമ പദ്ധതികൾ അറിയാം’ എന്ന തലക്കെട്ടിൽ ഒരു മാസക്കാലമായി കൾച്ചറൽ ഫോറം സംഘടിപ്പിച്ച് വരുന്ന ക്യാമ്പയിന് സമാപിച്ചു. നോർക്ക, കേരള സർക്കാർ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐസിബിഎഫ് ഇൻഷൂറൻസ് സ്കീം തുടങ്ങിയവ പരിചയപ്പടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക, പദ്ധതികൾ കൂടുതൽ ആകർഷകമാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച കാമ്പയിൻ വഴി നൂറുകണക്കിന് ആളുകൾ വിവിധ പദ്ധതികളിൽ അംഗങ്ങളായി.
ക്യാമ്പയിന് മുന്നോടിയായി സംഘടിപ്പിച്ച റിസോഴ്സ് പേഴ്സൺ വർക്ക്ഷോപ്പിലൂടെ പരിശീലിപ്പിച്ച വലണ്ടിയർമാരുടെ നേതൃത്വത്തിൽ ഇൻഡസ്ട്രിയൽ ഏരിയ, മിസയീദ്, ഉം സലാൽ എന്നിവിറ്റങ്ങളിലെ വിവിധ ലേബർ കാമ്പുകൾ, ദോഹ ജദീദിലെ ബാച്ചിലർ അക്കമഡേഷനുകൾ വിവിധ കമ്പനികളുടെ താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിലും ഗ്രാന്റ് മാൾ, സഫാരി മാൾ, ദോഹ സെന്റർ തുടങ്ങിയ സ്ഥലങ്ങളിലും ക്ഷേമനിധി ബൂത്തുകൾ സ്ഥാപിച്ചും വക്ര സൂഖ്, ഫുർജ്ജാൻ മാർക്കറ്റുകൾ എന്നിവിടങ്ങളിലേക്കും വീട്ടു ജോലിക്കാർ ഹൗസ് ഡ്രൈവർമാർ തുടങ്ങിയവർക്കായും പ്രത്യേക കാരവൻ സംഘടിപ്പിച്ചും, പ്രാദേശിക കൂട്ടയ്മകളുമായി ചേർന്ന് പ്രവാസി സംഗങ്ങൾ സംഘടിപ്പിച്ചും ആയിരക്കനക്കിന് ആളുകൾക്ക് ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തി. കൂടാതെ കാമ്പയിൻ കാലയലവിൽ നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ ജില്ലാക്കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ക്ഷേമപദ്ധതി ബൂത്തുകളും സംഘടിപ്പിച്ചിരുന്നു. സ്ത്രീകൾക്ക് മാത്രമായൊരു ദിവസം സംഘടിപ്പിച്ച ബൂത്ത് വീട്ടു ജോലി വിസയിലുള്ള അനേകം സ്ത്രീകൾക്ക് അനുഗ്രഹമായി.
കാമ്പയിൻ സമാപനവും പദ്ധതി പ്രഖ്യാപനവും തുമാമയിലെ ഐ.ഐ.സി.സി ഹാളി വച്ച് നടന്നു. ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡണ്ട് വിനോദ് വി നായർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. ഹൗസ് മെയ്ഡ് വിസക്കാരായ നിർദ്ധന സ്ത്രീകൾക്ക് ഒരു വർഷത്തേക്ക് സഫാരി ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന ഐ.സി.ബി.എഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ധാരണ പത്രം സഫാരി ഗ്രൂപ്പ് അഡ്മിനിസ്ട്രേഷൻ മാനേജർ അനൂപ് കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദിനു കൈമാറി. കാമ്പയിൻ കാലയളവിൽ ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിലേക്ക് വരി ചേർത്തവരുടെ രേഖകൾ കൾച്ചറൽ ഫോറം സെക്രട്ടറി സിദ്ദീഖ് വേങ്ങര ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡണ്ട് വിനോദ് വി നായർക്ക് കൈമാറി. താഴ്ന്ന വരുമാനക്കാരായവരെ കേരളാ സർക്കാർ പ്രവാസി വെൽഫെയർ ബോർഡ് വഴി നടപ്പാക്കുന്ന പ്രവാസി പെൻഷൻ പദ്ധതിയിൽ അംഗമാകാനുള്ള സ്പോൺസർഷിപ്പ് കെയർ ആന്റ് ക്യുവർ എം.ഡി ഇ.പി അബ്ദുറഹ്മാൻ കൾച്ചറൽ ഫോറം വൈസ്പ്രസിഡണ്ട് ചന്ദ്രമോഹനനു കൈമാറി.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി സാബിത് സഹീർ, ഗ്രാന്റ് മാൾ റിജ്യണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ബ്രാഡ്മ ഗ്രൂപ്പ് എം.ഡി ഹാഷിം കെയർ ആന്റ് ക്യുവർ എം.ഡി ഇ.പി അബ്ദുറഹ്മാൻ, സഫാരി ഗ്രൂപ്പ് അഡ്മിനിസ്ട്രേഷൻ മാനേജർ അനൂപ്, ഐ.സി.ബി.എഫ് ഇൻഷുറൻസ് കമ്മറ്റി തലവൻ കെ ജയരാജ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. പ്രവാസി പെൻഷൻ പദ്ധതിയിൽ ചേരേണ്ട പ്രായപരിധി അറിയാത്തവർ, പെൻഷൻ അർഹനായിട്ടും അതിന് അപേക്ഷിക്കേണ്ട വഴി അറിയാത്തവർ, മാസാന്ത പ്രീമിയം അടക്കാൻ പ്രയാസപ്പെടുന്നവർ, ഇങ്ങനെയുള്ള കുറെ ആളുകളെ കാമ്പയിൻ കാലത്ത് കണ്ടെത്തുകയും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയെന്നും കൾച്ചറൽ ഫോറം ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷ പ്രഭാഷണത്തിൽ പറഞ്ഞു, കാമ്പയിൻ കൺവീനർ ഫൈസൽ എടവനക്കാട് റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി താസീൻ അമീൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ചന്ദ്രമോഹനൻ സപാപന പ്രസംഗവും നടത്തി. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദ് അലി, ട്രഷറർ അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്നും വൈകുന്നേരങ്ങളിൽ കൾച്ചറൽ ഫോറം ഓഫീസ് കേന്ദ്രീകരിച്ച് നോർക്ക, പ്രവാസി ക്ഷേമ പദ്ധതികൾ ചേരാനുളള ഹെൽപ്പ് ഡസ്ക് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് കൾച്ചറൽ ഫോറം ഭാരാവാഹികൾ അറിയിച്ചു.