ന്യൂഡൽഹി
ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയില്‍ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണനേട്ടങ്ങളായി അവകാശപ്പെട്ട പലതും വസ്തുതാവിരുദ്ധവും പച്ചക്കള്ളവുമാണെന്ന് കണ്ടെത്തൽ. അവകാശവാദങ്ങളിലെ വസ്തുതകള്‍ പരിശോധിച്ച് കണ്ടെത്തുന്ന ഫാക്ട്ചെക്കര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് വിശദാംശങ്ങളടക്കം മോദിയുടെ നുണകൾ പൊളിച്ചടുക്കിയത്.
മോദിയുടെ അവകാശവാദങ്ങളും യാഥാർഥ്യവും
അവകാശവാദം: ‘ഇന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വെളിയിടവിസർജന മുക്തം’ (പച്ചക്കള്ളം)
യാഥാർഥ്യം: രാജ്യത്ത് 17 ശതമാനം വീടുകളിൽ ശുചിമുറിയില്ല. ഇവർ വെളിയിടവിസർജന രീതി തുടരുന്നു. ഇന്ത്യ വെളിയിടവിസർജന മുക്തമായതായി 2019 ഒക്ടോബറിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ദേശീയ കുടുംബാരോഗ്യസർവേ പ്രകാരം 83 ശതമാനം വീടുകളിൽ മാത്രമാണ് ശുചിമുറിയുള്ളത്
● ‘രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തി’(പച്ചക്കള്ളം)
നാലു കോടിയിലേറെപേർ വൈദ്യുതിയില്ലാത്ത വീടുകളിൽ കഴിയുന്നു. ദേശീയ കുടുംബാരോഗ്യ സർവേപ്രകാരം ജനസംഖ്യയിൽ മൂന്നു ശതമാനം പേരുടെ വീടുകളിൽ വൈദ്യുതിയില്ല.
● ‘ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലേക്കും റോഡുകളുണ്ട്’ (പച്ചക്കള്ളം)
രാജ്യത്തെ എണ്ണൂറിലേറെ ഗ്രാമത്തിലേക്ക് റോഡില്ല. എല്ലാ ഗ്രാമത്തെയും റോഡുകളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗ്രാമ് സഡക് യോജന കഴിഞ്ഞ നാലുവർഷമായി ലക്ഷ്യത്തിലെത്തിയിട്ടില്ല. 2017–-18ൽ ലക്ഷ്യമിട്ടതിന്റെ 95 ശതമാനമാണ് പൂർത്തീകരിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ 85 ശതമാനത്തിലേക്കും 54.4 ശതമാനം മാത്രമായും ചുരുങ്ങി.
● ‘രാജ്യത്ത് എല്ലാ പാവപ്പെട്ടവര്‍ക്കും അഞ്ചുലക്ഷത്തിന്റെ സൗജനചികിത്സ കിട്ടുന്നു’ (മനപൂര്‍വ്വമുള്ള തെറ്റിദ്ധരിപ്പിക്കല്‍)
ഒരു കുടുംബത്തിന് പ്രതിവർഷം പരാമവധി അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്ക് 2018ൽ തുടക്കമായി. എല്ലാ ദരിദ്ര ജനവിഭാഗങ്ങൾക്കും പദ്ധതിയിൽ ചേരാനാകില്ല. ചില മാനദണ്ഡങ്ങളുണ്ട്. ബംഗാൾ, ഒഡിഷ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കിയിട്ടുമില്ല.