റിയാദ്> കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയാ വൈസ് പ്രസിഡന്റും, രക്ഷാധികാരി സമിതി അംഗവുമായിരുന്ന ഒ എം ഹംസയുടെ (62) മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയായ ഹംസ 33 വർഷമായി അൽഖർജിലെ ഹരീഖിൽ ഇലക്ട്രിഷ്യനായി ജോലി ചെയ്യുകയായിരുന്നു.
കേളിയുടെ ഹരീഖ് യൂണിറ്റ് രൂപീകരണ കാലം മുതൽ പ്രദേശത്ത് സംഘടന വളർത്തുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഹംസ ഹരീഖിൽ പ്രവാസികൾക്കായി റിയാദിലെ പോളിക്ലിനിക്കുകളുടെ സഹകരണത്തോടെ കേളി നടത്തുന്ന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയും, ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും പൊതു സമൂഹത്തിൽ നിറസാന്നിധ്യമായിരുന്നു.
ഹൃദയസ്തംഭനത്തെ തുടർന്ന് ഹരീഖ് ജനറൽ ഹോസ്പ്പിറ്റലിൽ മരണമടഞ്ഞ ഹംസയുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി അൽഖർജ് ഏരിയാ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. ഭാര്യ ആബിദ, റിനിഷ സൂരജ്, റിൻസിയ സഫർ എന്നിവർ മക്കളും സൂരജ് ഷംസുദീൻ, സഫറുദീൻ മക്കാർ എന്നിവർ മരുമക്കളുമാണ്. സംസ്ക്കാരചടങ്ങിൽ കുടുംബാംഗങ്ങൾക്കൊപ്പം കേളി പ്രവർത്തകരും പങ്കെടുത്തു.