എത്തിച്ചേരാന്‍ പ്രയാസമുള്ള ഓസ്ട്രേലിയയുടെ ഉള്‍നാടന്‍ മേഖലകളിലേക്ക് ഡ്രോണുകള്‍ ഉപയോഗിച്ച് മരുന്നുകളും മറ്റ് വൈദ്യോപകരണങ്ങളും എത്തിക്കാന്‍ പദ്ധതി. പദ്ധതിക്ക് നേതൃത്വം നല്കുന്നതില് ഒരാള്‍ ഇന്ത്യന്‍ വംശജനായ രാകേഷ് റൗതുവാണ്.
സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയ്റോലോജിക്സ് എന്ന കമ്പനിയാണ് ഈ വർഷം അവസാനത്തോടെ ന്യൂ സൗത്ത് വെയിൽസിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന മൂല്യമുള്ള മരുന്നുകൾ എത്തിക്കുന്ന പദ്ധതി ആരംഭിക്കുക.
ഇന്ത്യന്‍ വംശജനായ സംരംഭകന് രാകേഷ് റൗതുവും, മുന്‍ വൈമാനികന് ടോം കാസ്കയും ചേര്‍ന്നാണ് എയ്റോലോജിക്സ് എന്ന സ്ഥാപനം തുടങ്ങിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ള ആദിമ വർഗ സമൂഹത്തിനുൾപ്പെടെയാണ് ഡ്രോണുകളുടെ സേവനം പ്രയോജനപ്രദമാകുന്നതെന്ന് ടോം കാസ്ക പറഞ്ഞു.
റോയല്‍ ഫ്ളൈയിംഗ് ഡോക്ടര്‍ സര്‍വീസുമായും, യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ വ്യോമയാന വിഭാഗവുമായും സഹകരിച്ചാണ് ഈ പദ്ധതി തുടങ്ങുന്നത്.
പരീക്ഷണ പറക്കലിനായി ജർമ്മനിയിൽ നിന്ന് രണ്ടു ലക്ഷത്തോളം ഡോളർ വിലയുള്ള വാണിജ്യ ഡ്രോണുകളാണ് കമ്പനി ഇറക്കുമതി ചെയ്യുന്നത്.
മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ പറക്കാൻ ശേഷിയുള്ള ഡ്രോണുകൾക്ക് മടക്കയാത്രയുൾപ്പെടെ 250 കിലോമീറ്റർ വരെ ഒറ്റപ്പറക്കലിൽ സഞ്ചരിക്കാൻ കഴിയും.
സിഡ്നിയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ഡബ്ബോയിൽ നിന്നാണ് ഡ്രോണുകൾ വിവിധ പ്രദേശങ്ങളിലേക്ക് പറക്കുന്നത്.
മൂന്നര മീറ്റർ വിങ്സ്പാൻ ഉള്ള ഡ്രോണുകൾക്ക് ഏഴു കിലോഗ്രാം വരെയുള്ള മരുന്നുകൾ വഹിക്കുവാൻ കഴിയും. ഒരു യാത്രയിൽ ഒന്നിലധികം സ്ഥലങ്ങളിൽ മരുന്നുകൾ എത്തിക്കുവാനും ഡ്രോണുകൾക്ക് സാധിക്കുമെന്ന് കാസ്ക ചൂണ്ടിക്കാട്ടി.
2018 ലാണ് രാകേഷ് റൗതുവും കാസ്കയും ചേര്‍ന്ന് എയ്റോലോജിക്സ് ഡ്രോൺ കമ്പനി തുടങ്ങിയത്
ഇന്ത്യയില്‍ ഡ്രോണ്‍ ബിസിനസ് നടത്തിയിരുന്ന രാകേഷ് റൗതു, എം ബി എ പഠനത്തിനായായിരുന്നു ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സില്‍ സ്കോളര്‍ഷിപ്പോടെയുള്ള പഠനത്തിനിടെയാണ് കാസ്കയുമായി പരിചയപ്പെട്ടതും, പുതിയ ചുവടുവയ്പ്പിലേക്ക് നീങ്ങിയതും.
എയ്റോലോജിക്സിന്റെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത് ബംഗളുരു ആസ്ഥാനമായാണ്.
കടപ്പാട്: SBS മലയാളം