ന്യൂഡൽഹി> സൈനികസേവനത്തെ കരാർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതിയ്ക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ടത്തോടെ അറസ്റ്റുചെയ്ത് ഉത്തർപ്രദേശിലെ ബിജെപി സർക്കാർ. മുപ്പത് ജില്ലകളിലായി 1500 ലേറെ പേർ ഇതുവരെയായി അറസ്റ്റുചെയ്യപ്പെട്ടു. അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭം അടച്ചിമർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടത്തോടെയുള്ള അറസ്റ്റ്. എൻഡിഎ ഭരിക്കുന്ന ബീഹാറിലും ആയിരക്കണക്കിന് യുവാക്കളെ അറസ്റ്റുചെയ്ത് ജയിലിൽ അടച്ചിരുന്നു.
യുപിയിൽ അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 81 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൂടുതൽ പേർ അറസ്റ്റിലായത് ജോൻപ്പുരിലാണ്–- 478 പേർ. അലിഗഡിൽ നൂറിലേറെ പേർ അറസ്റ്റിലായി. ഗാസിപ്പുരിൽ 43 ഉം വാരണാസിയിൽ 36 ഉം മഥുരയിൽ 55 ഉം ചന്ദൗലിയിൽ 57 ഉം ബല്ലിയയിൽ 73 ഉം പേർ അറസ്റ്റുചെയ്യപ്പെട്ടു.
അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് കേസ് ചുമത്തപ്പെട്ടവരെ സൈന്യത്തിൽ എടുക്കില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുപിയിൽ വ്യാപകമായി കേസെടുത്ത് തുടങ്ങിയത്. ബിജെപി ഭരണ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും നൂറുക്കണക്കിന് യുവാക്കൾക്കെതിരായി കേസെടുത്തിട്ടുണ്ട്.
അഗ്നിപഥിനെതിരായി ഞായറാഴ്ചയും വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധമുണ്ടായി. ’അഗ്നിപഥ് കി ബാത്ത്’ എന്ന പേരിൽ കോൺഗ്രസ് വിവിധ സ്ഥലങ്ങളിൽ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം കർഷകർ രാജ്യവ്യാപകമായി പദ്ധതിയ്ക്കെതിരായി പ്രതിഷേധിച്ചിരുന്നു.