കോട്ടയം> ശനിയാഴ്ച കലക്ടറേറ്റ് മാർച്ചിനിടെ അക്രമം നടത്തിയ, കണ്ടാലറിയാവുന്ന 81 പേരടക്കം നൂറ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംഘം ചേർന്ന് അക്രമം നടത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് നേതാക്കളായ ജെ ജി പാലക്കലോടി, മുൻ നഗരസഭാ കൗൺസിലർ അനിൽകുമാർ(ടിറ്റോ), അൻസാരി, വർഗീസ് ചാക്കോ, സാം കെ വർക്കി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ട് കോട്ടയം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ കോൺഗ്രസ് പ്രവർത്തകർ അക്രമാസക്തരായിരുന്നു. പൊലീസിനു നേരെ കല്ലെറിഞ്ഞു. ബാരിക്കേഡ് എടുത്തെറിഞ്ഞ് കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ്കുമാറിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. വെസ്റ്റ് എസ്ഐ ടി ശ്രീജിത്തിന്റെ കൈക്കും കല്ലേറിൽ പരിക്കേറ്റു. പൊലീസ് ലാത്തിയും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.