ഷാർജ: മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി മലയാളം മിഷൻ സംഘടിപ്പിച്ച ആഗോള പ്രവാസി വിദ്യാർത്ഥി സാഹിത്യരചന മത്സരങ്ങളിൽ യുഎ ഇ യിൽ നിന്ന് ഷാർജ മേഖല മികച്ച മുന്നേറ്റം കൈവരിച്ചു. ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിൽ മൊത്തം അഞ്ച് സ്ഥാനങ്ങളിലാണ് ആഗോള അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഷാർജ മേഖല തിളക്കമാർന്ന മുന്നേറ്റം കൈവരിച്ചത്.
ജൂനിയർ വിഭാഗം കവിതാ മത്സരത്തിൽ ഋതുപർണ്ണ രവീന്ദ്രൻ ഒന്നാം സ്ഥാനം നേടിയപ്പോൾ, ഷാർജ മേഖലയിലെ തന്നെ ഫാത്തിമ നബ, ശ്രീമയി മേലേത്ത് എന്നിവർ രണ്ടാം സ്ഥാനം തുല്യമായി പങ്കിട്ടെടുത്തു. ജൂനിയർ വിഭാഗം ചെറുകഥ മത്സരത്തിലും ശ്രീമയി മേലേത്ത് മൂന്നാം സ്ഥാനത്തെത്തി. ചെറുകഥ മത്സരം സബ്ജൂനിയർ വിഭാഗത്തിൽ സാരംഗി ദേവി രണ്ടാം സ്ഥാനം നേടി. യു എ ഇ യിൽ നിന്നുള്ള ഒൻപതു വിജയികളിൽ അഞ്ചു പേരും ഷാർജ മേഖലയിൽ നിന്നുള്ളവരായിരുന്നു.
സീനിയർ വിഭാഗത്തിലെ ലേഖന മത്സരത്തിൽ യുഎഇയിൽ നിന്നുള്ള മുഹമ്മദ് ഷമീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചെറുകഥ സബ്ജൂനിയർ വിഭാഗത്തിൽ അജ്മാൻ മേഖലയിലെ നിള നന്ദൻ മൂന്നാം സ്ഥാനവും, സബ്ജൂനിയർ കവിത മത്സരത്തിൽ ഫുജൈറയിൽ നിന്നുള്ള ലിഡിയ തോംസൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലേഖന മത്സരം ജൂനിയർ വിഭാഗത്തിൽ ദുബായ് ചാപ്റ്ററിലെ നഹാൻ നസീം അലീമാണ് രണ്ടാംസ്ഥാനത്തെത്തിയത്.