ന്യൂഡൽഹി> മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾഎഐസിസി ആസ്ഥാനത്തേയ്ക്ക് സിപിഐ എം മാർച്ച് നടത്തിയിരുന്നോയെന്ന ചോദ്യവുമായി പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യൂത്ത് കോൺഗ്രസ് ഡൽഹി എകെജി ഭവനിലേയ്ക്ക് നടത്തിയ മാർച്ചിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രതിഷേധത്തിന്റെ അർത്ഥമെന്താണ്? ഒരു വശത്ത് കോൺഗ്രസ് എസ്എഫ്ഐയെ കുറ്റപ്പെടുത്തുന്നു. വയനാട് നടന്ന സംഭവത്തെ പാർടിയും മുഖ്യമന്ത്രിയുമടക്കം അപലപിച്ചിട്ടുണ്ട്. ഡിവൈഎസ്പിയെ സസ്പെന്റ് ചെയ്തു. കുറ്റക്കാർക്കെതിരെ അറസ്റ്റടക്കമുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. എന്നിട്ടും എന്തിനാണ് പാർടി ആസ്ഥാനത്തേയ്ക്ക് യൂത്ത് കോൺഗ്രസുകാർ മാർച്ച് നടത്തിയതെന്ന് തനിക്ക് മനസിലാകുന്നില്ല– യെച്ചൂരി പറഞ്ഞു.
മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് വിമാനത്തിൽ കയറി കൈയേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ സിപിഐ എം എഐസിസി ആസ്ഥാനത്ത് പോയി പ്രതിഷേധിച്ചോയെന്നും മാർച്ചിന് പിന്നിൽ ഒരു ലക്ഷ്യവുമില്ലന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.